ബ്രഹ്മപുരത്ത് ആരോഗ്യ സർവേ നടത്തും. തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐ എം എ വ്യക്തമാക്കി. തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം അറിയിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. എന്‍ 95 പോലുള്ള മാസ്‌കുകൾ പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ ചെറു കണങ്ങള്‍ എന്നിവ തടയുമെങ്കിലും ഇവ വാതകങ്ങളെ പ്രതിരോധിക്കില്ല. പുകയിൽ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ എന്നിവ പരിസ്ഥിതിയെ ബാധിക്കും. ഇവ ജലസ്രോതസ്സുകളിലും, കൃഷിസ്ഥലങ്ങളിലും ക്രമേണ പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരില്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും ആ സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കണമെന്നുമാണ് നിർദേശം.
അഗ്നി രക്ഷാസേനയുടെ 200 പേരും അമ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപറേഷൻ ജീവനക്കാരും പോലീസുമാണ് സ്ഥലത്ത് പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നുണ്ട്. 110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അഗ്നിരക്ഷേസേന അറിയിച്ചു.
അതേസമയം, ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടര്‍, പിസിബി ഉദ്യോഗസ്ഥര്‍, കെല്‍സാ സെക്രട്ടറി എന്നിവരുള്‍പ്പെടെയാണ് സമതിയിലുള്ളത്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രഹ്‌മപുരത്തെ അവസ്ഥ മോശമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊച്ചി നഗരത്തിലുണ്ടാകും. അതുടൻ പരിഹരിക്കാന്‍ ശ്രമം ഉണ്ടകാണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.