KERALA

ബ്രഹ്മപുരം തീപിടിത്തം വൈകീട്ടോടെ നിയന്ത്രണവിധേയമാകും, ആശങ്ക വേണ്ടെന്ന് മന്ത്രിമാർ

വ്യവസായ മന്ത്രി പി രാജീവും ആരോഗ്യ മന്ത്രി വീണ ജോർജും ചേർന്നാണ് സ്ഥിതിഗതികളെ പറ്റി മാധ്യമങ്ങളോട് വിശദീകരിച്ചത്

വെബ് ഡെസ്ക്

എറണാകുളം നഗരത്തില്‍ വിഷപ്പുക പടരാനിടയാക്കിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം നിലവില്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രിമാർ. വ്യവസായ മന്ത്രി പി രാജീവും ആരോഗ്യ മന്ത്രി വീണ ജോർജും ചേർന്നാണ് സ്ഥിതിഗതികളെ പറ്റി മാധ്യമങ്ങളോട് വിശദീകരിച്ചത്. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സർക്കാർ നടത്തിയിട്ടുണ്ടെന്നും വൈകുന്നേരത്തോടെ തീ പൂർണമായും അണയ്ക്കാനാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. അതേസമയം മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുൻകരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എറണാകുളം കളക്‌റേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിമാര്‍ മാധ്യമങ്ങളെ കണ്ടത്.

മാലിന്യ ശേഖരണത്തിനായി താത്ക്കാലിക സംവിധാനം ഒരുക്കുമെന്ന് മന്ത്രി

പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. നഗരത്തിലെ ആശുപത്രികള്‍ പൂർണ സജ്ജമാണെന്നും വീണാ ജോർജ് പറഞ്ഞു. നിലവില്‍ തടസപ്പെട്ട മാലിന്യ ശേഖരണത്തിനായി താത്ക്കാലിക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷത്തിലെ വിഷസാന്നിധ്യം കുറയ്ക്കാന്‍ ബ്രഹ്‌മപുരത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കോർഡിനേഷൻ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

അഗ്നിബാധയുണ്ടായ പ്രദേശത്ത് എത്തുന്ന മാധ്യമപ്രവര്‍ത്തകരും ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ നഗരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് രണ്ട് കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പർ: 8075774769, 04842360802

തീപിടിത്തം തുടങ്ങി നാലാം ദിവസമാണിന്ന്. നഗരത്തില്‍ വ്യാപിച്ച പുക പടലങ്ങള്‍ക്ക് കുറവുണ്ടെങ്കിലും കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് നഗരത്തില്‍ നല്‍കിയിരിക്കുന്നത്. പൊതുജനം പ്രഭാത നടത്തം ഉള്‍പ്പെടെ ഒഴിവാക്കണമെന്നും, ഇന്ന് വീടുകളില്‍ കഴിയണമെന്നും ഇന്നലെ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച്ചയായതിനാല്‍ അത്യാവശ്യമല്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. നിലവില്‍ കൊച്ചി നഗരത്തിലെ പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം ഭാഗങ്ങളില്‍ പുക നിറഞ്ഞ സാഹചര്യമാണ്.

മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാനുള്ള നടപടികളും തുടരുകയാണ്. ഉരുകുന്ന പ്ലാസ്റ്റിക്ക് മാലിന്യം താഴ്ചയില്‍ തീപടര്‍ത്തുന്നതാണ് പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാകുന്നത്. ഫയര്‍ഫോഴ്സിന്റെ എട്ട് യൂണിറ്റെത്തിയാണ് ഇന്നലെ തീയണയ്ക്കാനുളള ശ്രമം നടത്തിയത്. ഹെലികോപ്റ്ററില്‍ വെള്ളം എത്തിച്ചും തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നു. കടമ്പ്രയാറില്‍ വലിയ മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 110 ഏക്കറില്‍ നീണ്ടുകിടക്കുന്ന മാലിന്യ പ്ലാന്റായ ബ്രഹ്‌മപുരത്ത് ആറ് മേഖലയിലായാണ് മാലിന്യമുളളത്. രണ്ടാം തീയതി വൈകിട്ടോടെയാണ് മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ