KERALA

വീണ്ടും ബാര്‍കോഴ ആരോപണം; വിവാദത്തിന് തിരികൊളുത്തി ബാറുടമയുടെ ശബ്ദസന്ദേശം, 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം

വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് അനിമോന്റെ പേരിലുള്ള സന്ദേശത്തില്‍ പണം ആവശ്യപ്പെടുന്നത്

വെബ് ഡെസ്ക്

കേരള രാഷ്ട്രീയത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് വീണ്ടും ബാര്‍ കോഴ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമാക്കാന്‍ ബാർ ഉടമകൾ രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖയാണ് പുതിയ വിവാദത്തിന്റെ അടിസ്ഥാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ പേരിലുള്ള ശബ്ദ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

വ്യാഴാഴ്ച എറണാകുളത്തു ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയിലാണ് അനിമോന്റെ പേരിലുള്ള സന്ദേശത്തില്‍ പണം ആവശ്യപ്പെടുന്നത്. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം രണ്ടു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും പണപ്പിരിവ് സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണിതെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നു.

എന്നാല്‍, അനിമോന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ തള്ളി ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ (എഫ്‌കെഎച്ച്എ) സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍ രംഗത്തെത്തി. പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരോടും പണം പിരിക്കാന്‍ പറഞ്ഞിട്ടില്ല, അനിമോനെ ഇന്നലെ ചര്‍ന്ന യോഗത്തില്‍ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സസ്‌പെന്റ് ചെയ്ത ആള്‍ക്ക് എന്തു വേണമെങ്കിലും പറയാമല്ലോ എന്നുമായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം.

എഫ്‌കെഎച്ച്എയ്ക്ക് തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാന്‍ സംഘടന തീരുമാനിച്ചിരുന്നു. അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലുള്ളയാളാണ് അനിമോന്‍. ഇതിനെ തുടര്‍ന്നാണ് സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്നലത്തെ ചര്‍ച്ചയില്‍ അറിയിച്ചപ്പോള്‍ അനിമോന്‍ ഇറങ്ങി പോയിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ശബ്ദസന്ദേശം അനിമോന്റതാണോയെന്നത് അറിയില്ല. സംഘടന ഇന്നുവരെയും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡ്രൈ ഡേ മാറ്റിത്തരണമെന്നത് 5 വര്‍ഷമായി ഞങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.

ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്നു യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്. അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്‍ നശിപ്പിക്കുന്നത്. കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കി.

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ