ബജറ്റിലെ നികുതി വര്‍ധനയ്ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സഭയില്‍ ഇന്ന് പൊതു ചര്‍ച്ച ആരംഭിക്കും. ഇന്ധന സെസിനെതിരെ നിയമസഭയ്ക്ക് അകത്തും പ്രതിഷേധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സഭ പ്രക്ഷുബ്ധമാകും.
കടുത്ത ജനരോഷവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയും പരിഗണിച്ച് ഇന്ധന സെസ് കുറയ്ക്കാനാണ് സാധ്യത. ഒരു രൂപ കുറയ്ക്കാനാകും നീക്കം. കൂട്ടിയ രണ്ട് രൂപയും പിൻവലിക്കണമെന്ന ആവശ്യം ഇടത് മുന്നണിയിലെ ചില കക്ഷികൾക്കുമുണ്ട്. പൊതു ചർച്ചയ്ക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയുന്ന ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കും.
ബജറ്റിലുള്ളത് നികുതി നിര്‍ദേശങ്ങള്‍ മാത്രമാണെന്നും അന്തിമ തീരുമാനം ചർച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും എന്നുമാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചത്. ഇന്ധന വില ഉയരാൻ കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർധന ആവശ്യമാണ്. ഇതേക്കുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങള്‍ ഇന്ധന വിലവര്‍ധനയെകുറിച്ച് മാത്രം പറയുകയാണെന്നാണ് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയത്. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദേശങ്ങളാണ്. ഇതില്‍ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചിരുന്നു.
ബജറ്റ് നിർദേശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച കോണ്‍ഗ്രസ് കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലും രംഗത്തെത്തിയിരുന്നു. ഇന്ധന സെസും, മദ്യവില കൂട്ടിയതും പർവതീകരിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിനാലാണ് പ്രതിസന്ധിയുണ്ടായത്. അധിക വിഭവസമാഹരണത്തിന് കേരളത്തിന് മറ്റു മാർഗങ്ങൾ ഇല്ലെന്നും നികുതി കൂട്ടിയ നടപടി ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും ധനമന്ത്രി വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.