ബഫർ സോൺ വിഷയത്തിൽ വ്യാപക പരാതികൾ ഉയരുന്നതിനിടെ സർവേ നമ്പർ ചേർത്ത ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ബഫർ സോൺ സർവേയുമായി ബന്ധപ്പെട്ട പരാതികളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിനിടെ ബഫർ സോൺ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിസംബർ 30ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടുമാസം കൂടി നീട്ടി നൽകിയത്. അതേസമയം ബഫർ സോൺ വിഷയത്തിൽ ആശയ കുഴപ്പത്തിനും ആശങ്ക പരത്താനും ആരും മുതരരുതെന്ന് തദ്ദേശമന്ത്രി വകുപ്പ്മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫർസോണുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകുന്നതാണ് സർവേ നമ്പർ ഉൾപ്പെടുത്തിയുള്ള ഭൂപടം. പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേൽ ജനങ്ങൾക്ക് പരാതി സമർപ്പിക്കാം. ആശങ്കകളും പരാതികളും ജനുവരി ഏഴിന് മുൻപായി വിദഗ്ധ സമിതിയെ അറിക്കണം. നേരത്തെ പ്രസിദ്ധീകരിച്ച കരട് ഭൂപടത്തിലെ പിഴവുകള്‍ ഉണ്ടായെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിരുന്നു. ഇത് തിരുത്തികൊണ്ടാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്.
രണ്ട് മാസത്തേക്കാണ് വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടിയത്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ സമിതിക്ക് ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട സ്ഥലപരിശോധന പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് സമയം നീട്ടി നൽകാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28 വരെയാണ് പുതിയ സമയപരിധി.
അതേസമയം ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 2019 ലെ ഉത്തരവ് പ്രകാരം വനാതിര്‍ത്തിക്കു പുറത്ത് ഒരു കിലോമീറ്ററാണ് ബഫർസോൺ. ഇതിൽ ജനവാസകേന്ദ്രവും കൃഷി മേഖലയും ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കിയായിരിക്കും പുതിയ ഉത്തരവ്. പരിസ്ഥിതി ലോല മേഖലക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെങ്കിൽ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കിയെ മതിയാകൂവെന്ന വിലയിരുത്തലിനെ തുടർന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സുപ്രീം കോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവ് തിരുത്തിയ ശേഷം കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി സ്വീകരിക്കുമോയെന്നതും പ്രധാനമാണ്. രാജ്യവ്യാപകമായികൊണ്ടുവരുന്ന സുപ്രീംകോടതിയുടെ നിർദേശങ്ങളിൽ കുറഞ്ഞ ഭൂപ്രദേശവും കൂടുതൽ ജനസാന്ദ്രതയുമുള്ള കേരളത്തിന് എന്തെങ്കിലും ഇളവ് ലഭിക്കുമോയെന്ന് സംസ്ഥാനം ഉറ്റുനോക്കുകയാണ്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള ഭാഗം ബഫർസോണാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനായില്ലെങ്കിൽ കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ടൂറിസം മേഖലയെയും കാര്യമായി ബാധിക്കും.
കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറോളമാണ്. ഒരു കിലോമീറ്റർ ബഫർ സോണായി മാറുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയാണ് ബാധിക്കുക.16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളാണ് കേരളത്തിലുള്ളത്. 3211.73 ചതുരശ്ര കിലോമീറ്റർ ഇവയുടെ വിസ്തൃതി. ഈ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചെറുനഗരങ്ങളുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ താമസിക്കുന്നുണ്ട്. ജനവാസം സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമാകണമെങ്കിൽ സർവേ നടപടികൾ പൂർത്തിയാകേണ്ടതുണ്ട്.
നിലവിൽ മേഖലയിൽ സ്ഥിരം കെട്ടിടങ്ങൾ, ഖനനം എന്നിവ പാടില്ലെന്നാണ് വിധി. അതേസമയം, ബഫർസോൺ ഉത്തരവിൽ സംസ്ഥാനങ്ങൾക്ക് പരാതിയോ ആശങ്കയോ ഉണ്ടെങ്കിൽ ഉന്നതാധികാര കേന്ദ്രങ്ങളെയോ പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്.