KERALA

ബഫർ സോണിൽ കേരളത്തിന് ആശ്വാസം; കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

വെബ് ഡെസ്ക്

ബഫര്‍ സോണ്‍ വിധിയില്‍ ഇളവനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശമായി കണ്ട് അന്തിമ വിജ്ഞാപനമോ കരടുവിജ്ഞാപനമോ പുറപ്പെടുവിച്ച മേഖലകളെ വിധിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി. ഇതുതന്നെയാണ് സംസ്ഥാനവും അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയൊഴിച്ച് മറ്റെല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതിയുടേത് ആശ്വാസവും പ്രതീക്ഷയും നൽകുന്ന നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കാൻ കഴിയുമെന്നാണ് കോടതിയുടെ നിലപാട് കാണുമ്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം ഓൺലൈനായി ചേരുന്ന വിദഗ്ധ സമിതി യോഗം ഫീൽഡ് സർവേ പൂർത്തിയാക്കാൻ എത്ര ദിവസം വേണമെന്ന കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ