KERALA

ടെക്‌നോപാർക്കിലെ ബൈജൂസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ഓളം ജീവനക്കാർ പെരുവഴിയില്‍

അരുൺ സോളമൻ എസ്

ടെക്‌നോപാർക്കില്‍ പ്രവർത്തിക്കുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നിർത്തുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് തിരുവനന്തപുരത്ത് നിന്നുള്ള പ്രവർത്തനം നിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്. ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗില്‍ പ്രവർത്തിച്ചു വരുന്ന ബൈജൂസിന്റെ സ്ഥാപനത്തിൽ 170-ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ വെളളിയാഴ്ച നടന്ന സൂം മീറ്റിങ് വഴിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തലാക്കാൻ പോകുന്ന കാര്യം ജീവനക്കാർ അറിയുന്നത്. തുടർന്ന് കമ്പനി മാനേജ്‌മെന്റ് ജീവനക്കാരെ രാജിക്ക് നിർബന്ധിക്കുകയാണെന്ന് ജീവനക്കാർ ദ ഫോർത്തിനോട് പറഞ്ഞു. ദീർഘനാളായി രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ല സ്ഥാപനങ്ങളിൽ നിന്നും ബൈജൂസ് ജീവനക്കാരെ പിരിച്ച് വിടുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ഇപ്പോൾ തിരുവനന്തപുരം ടെക്നോപാർക്കിലെ സ്ഥാപനം നിർത്തലാക്കാനുള്ള നീക്കം

പിരിച്ചുവിടുന്നതിന് മുൻപുളള കമ്പനിയുടെ ചട്ടങ്ങളൊന്നും തന്നെ ബൈജൂസ് കണക്കിലെടുക്കുന്നില്ലെന്നും നിർബന്ധിത പിരിച്ചുവിടലിനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്നും ടെക്നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്നോപാർക്ക് ടുഡേയുടെ അഡ്മിൻ രഞ്ജിത്ത് ദ ഫോർത്തിനോട് പറഞ്ഞു. സാധാരണ ​ഗതിയിൽ ഒരു ഐടി കമ്പനിയിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കിൽ മൂന്ന് മാസത്തെ ശമ്പളം നൽകുകയും, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. എന്നാൽ ഇതൊന്നും ചെയ്യാതെയാണ് ജീവനക്കാരെ പിരിച്ച് വിടാൻ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമായി 2500 ഓളം ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കാൻ ലക്ഷ്യമിടുന്നതെന്ന് ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി ദ ഫോർത്തിനോട് പറഞ്ഞു. നിർബന്ധിത പിരിച്ച് വിടലിനുളള മാനേജ്മെന്റ് നീക്കത്തില്‍ പ്രതിധ്വനി ഇടപെടുകയും, തൊഴിൽ മന്ത്രി ശിവൻകുട്ടിയുമായി സംസാരിക്കുകയും ചെയ്തതിനെ തുടർന്ന് വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിയുമായുള്ള ചർച്ചയിൽ ബൈജൂസ് ആപ്പ് ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളും ഉണ്ടായിരുന്നു.

എന്നാൽ, ജീവനക്കാരോട് ഈ മാസം അവസാനം സ്ഥാപനം വിട്ട് പോകാൻ ആവശ്യപ്പെട്ടത് വാക്കാൽ മാത്രമാണെന്ന് സ്ഥാപനത്തിന്റെ ജീവനക്കാരൻ കൂടിയായ ലിജീഷ് ദ ഫോർത്തിനോട് പറഞ്ഞു. ഔദ്യോ​ഗികമായി ഇതുവരെ ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് ഇന്ന് ലേബർ കമ്മീഷനുമായി ജീവനക്കാരും ബൈജൂസ് ഭാരവാഹികളും ചർച്ച സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ച് കൂടുതലായി ഒന്നും പ്രതികരിക്കാന്‍ കമ്പനി അധികൃതർ തയ്യാറായില്ല

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?