സിപിഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ നിലപാട് പറയും. പ്രായപരിധി വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നീക്കം.
അതേസമയം, മയപ്പെടാനും ഭയപ്പെടാനും തയ്യാറല്ലെന്ന് സി ദിവാകരന്‍ പ്രതികരിച്ചു. പ്രായപരിധി മാര്‍ഗനിര്‍ദേശം മാത്രമായാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. തീരുമാനമല്ല, മാർഗനിർദേശമാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞതോടെ വിഷയം അടഞ്ഞ അധ്യായമാണ്. നേതൃത്വത്തിന് കീഴടങ്ങിയോ എന്ന ചോദ്യത്തിന് പാർട്ടിക്കാണ് കീഴടങ്ങിയതെന്നാണ് സി ദിവാകരന്‍ മറുപടി നല്‍കിയത്. പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്നാണ് കെ ഇ ഇസ്മായിലിന്റെയും പ്രതികരണം.
സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്താന്‍ സി ദിവാകരന്‍ വൈകിയാണെത്തിയത്. സമയമായിട്ടും പതാക ഉയർത്താനെത്താതിരുന്ന ദിവാകരനെ സമ്മേളന ഹാളില്‍ നിന്ന് ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഹാളിനുള്ളില്‍ അനൗൺസ്മെന്റ് ഇല്ലാതിരുന്നതിനാല്‍ അറിഞ്ഞില്ലെന്നാണ് വിശദീകരണം. ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാർട്ടിയില്‍ 75വയസെന്ന പ്രായപരിധി നടപ്പാക്കണമെന്ന നിർദേശത്തിനെതിരെ സി ദിവാകരനും ഇസ്മായില്‍ പക്ഷവും വിമർശനമുയർത്തിയിരുന്നു. പരസ്യമായി പ്രതികരിച്ച നേതാക്കള്‍ക്കെതിരെ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷവിമർശനമാണുയർന്നത്.