നിയമസഭ 
KERALA

ഗവർണറെ 'വെട്ടി' മന്ത്രിസഭ, നയപ്രഖ്യാപനം ഇല്ല, അടുത്ത മാസം തുടർ സമ്മേളനം

സഭ അനിശ്ചിതമായി പിരിഞ്ഞെന്ന് ഗവര്‍ണറെ അറിയിക്കില്ല

ദ ഫോർത്ത് - തിരുവനന്തപുരം

ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നലെ അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ ബജറ്റ് സമ്മേളം ചേരാമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സഭ അനിശ്ചിതമായി പിരിഞ്ഞെന്ന് ഗവര്‍ണറെ അറിയിക്കേണ്ടെന്ന് മന്ത്രസഭാ യോഗത്തില്‍ ധാരണയായി.

സഭാ സമ്മേളനം കഴിഞ്ഞ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചാലും അത് നിലവില്‍ വരണമെങ്കില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിക്കണം. അപ്പോള്‍ മാത്രമേ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്നുള്ള വിജ്ഞാപനം രാജ്ഭവന് പുറപ്പെടുവിക്കാനാവുകയുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിപ്പ് നല്‍കാതെ താത്കാലികമായി പിരിയുന്നു എന്ന രീതിയില്‍ മുന്നോട്ട് പോകാം എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

ജനുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ നിലവിലെ സമ്മേളനത്തിന്റെ തുടര്‍ച്ചയെന്നോണം സഭ ചേരാം. അങ്ങനെ തുടര്‍ച്ചയെന്നുള്ള ഒരു സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം വേണമെന്ന് നിര്‍ബന്ധമില്ല. ഇതാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന് പിന്നിലുള്ള സാങ്കേതിക കാര്യം.

സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് തുടരുന്നതിനിടെയാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി. ഗവര്‍ണര്‍ക്കെതിരായ ബില്ലിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഈ സര്‍ക്കാരിന്റെ നയം എങ്ങനെയാണ് ഗവര്‍ണര്‍ പ്രഖ്യാപിക്കുകയെന്നതും ചോദ്യമാണ്. കഴിഞ്ഞ തവണ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവര്‍ണര്‍ രാംദുലാരി സിന്‍ഹയുമായി ഇടഞ്ഞപ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ആദ്യമായി തീരുമാനിച്ചത്. തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താനാവില്ല. ചട്ട പ്രകാരം വരുന്ന വര്‍ഷം എപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ