KERALA

സർക്കാർ വഴങ്ങി; നിയമനിർമാണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം; ബില്‍ തയ്യാറാക്കാന്‍ ഓര്‍ഡിന്‍സുകള്‍ മടക്കി നല്‍കി ഗവര്‍ണര്‍

ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ സഭ സമ്മേളിക്കും

വെബ് ഡെസ്ക്

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വഴങ്ങി സർക്കാർ. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സ് ബില്ലാക്കും. ഈമാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാകും സഭ സമ്മേളിക്കുക. നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ യോഗ ശുപാർശ,ഗവര്‍ണര്‍ അംഗീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് അടിയന്തര സമ്മേളനം വിളിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

കാലാവധി കഴിഞ്ഞിട്ടും ഓര്‍ഡിനന്‍സുകള്‍ പുതുക്കാൻ ഗവര്‍ണര്‍ ഒപ്പിട്ടില്ലെന്ന് മാത്രമല്ല അവ രാജ്ഭവന്‍ തിരിച്ചയയ്ക്കുകയും ചെയ്തില്ല. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. ഒപ്പിട്ടില്ലെങ്കിലും ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകള്‍ തിരിച്ചയച്ചാല്‍ മാത്രമേ മന്ത്രിസഭ അംഗീകരിച്ച് അവ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇങ്ങനെ അയയ്ക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ഇവയ്ക്ക് കാലഹരണപ്പെട്ട ദിവസം മുതലുള്ള മുന്‍കാല പ്രാബല്യവും ലഭിക്കുമായിരുന്നു.

എന്നാൽ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. നിയമസഭ ചേര്‍ന്ന് ഓര്‍ഡിനന്‍സ് ബില്ലാക്കിയാലും ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോവുകയോ ബില്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയോ ചെയ്യാം. അതിനാലാണ് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. രാജ്ഭവന്‍ വഴിയും നേരിട്ടും സര്‍ക്കാര്‍ പ്രതിനിധികളും ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, ഓര്‍ഡിനന്‍സ് രാജ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എന്നിരുന്നാലും, ഗവര്‍ണറെ അനുനയിപ്പിച്ച് മുന്‍കാല പ്രാബല്യത്തില്‍ പുതിയ ഓര്‍ഡിനന്‍സുകള്‍ ഇറക്കാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍.

ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം വേണ്ടെന്നായിരുന്നു സിപിഎമ്മിന്റെയും നിലപാട്. പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ