പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്‌ട്രേഷന്‍ വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. അതേസമയം ഗണേഷ് കുമാര്‍ ആന്റണി രാജു ചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ നിയന്ത്രിക്കും.
മന്ത്രിമാരായിരുന്ന ആന്റണി രാജുവിന്റെയും അഹമ്മദ് ദേവര്‍കോവിലിന്റെയും ഭരണകാലയളവ് അവസാനിച്ചതോടെയാണ് ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുന്നത്. ആന്റണി രാജു കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് നല്‍കിയത്. അതേസമയം അഹമ്മദ് ദേവര്‍കോവിലിന്റെ തുറമുഖം, മ്യൂസിയം, പുരാവസ്തു, ആര്‍ക്കൈവുകള്‍, ഗ്രന്ഥരക്ഷാലയം എന്നീ വകുപ്പുകളില്‍ തുറമുഖ വകുപ്പ് വിഎന്‍ വാസവന് നല്‍കുകയായിരുന്നു. പകരം വിഎന്‍ വാസവന്റെ രജിസ്‌ട്രേഷന്‍ വകുപ്പ് അടക്കം കടന്നപ്പള്ളിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാര്‍ ദൈവനാമത്തിലും കടന്നപ്പള്ളി സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം മിണ്ടാതെയും നോക്കാതെയുമാണ് പങ്കെടുത്തത്. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഗവര്‍ണര്‍ സംഘടിപ്പിച്ച ചായ സല്‍ക്കാരം പുതിയ മന്ത്രിമാരൊഴികെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ബഹിഷ്‌കരിച്ചു.