ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി നിയമസഭാ സമ്മേളനം തുടരുന്നതില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. രാവിലെ ചേരുന്ന മന്ത്രിസഭായോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലെ ചട്ട പ്രകാരം ഗവര്‍ണര്‍ക്ക് വിജ്ഞാപനം പുറത്തിറക്കാനാകൂ. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായാണ് കണക്കാക്കപ്പെടുക.
പുതുവര്‍ഷത്തില്‍ സഭ സമ്മേളിക്കേണ്ടത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് മുറുകിയതിനാല്‍ തന്നെ സഭ പുതുതായി സമ്മേളിക്കുന്നതിന് പകരം നിര്‍ത്തിവെയ്ക്കാന്‍ ശുപാര്‍ശ നല്‍കാതിരിക്കാനാണ് നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെ കണക്കാക്കാക്കുമെന്ന സാങ്കേതികത്വമാകും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുക. ഇത്തരത്തില്‍ പുതുവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിന്നീട് സഭ പുതുതായി സമ്മേളിക്കുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ ആരംഭിക്കാമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ എഴുതിയ കത്ത് ചൂണ്ടിക്കാണിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിമുഖത കാണിച്ചു. ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍നിന്ന് നീക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ അന്ന് ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇത്തവണ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മുറുകിയതിനാല്‍ തന്നെ കൂടുതല്‍ രൂക്ഷമായ സംഭവവികാസങ്ങളുണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാരിന്റെ നീക്കം.
അതിനിടെ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തുന്ന ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. വിരുന്നിന് ക്ഷണമുണ്ടെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല. വൈകിട്ടാണ് അഞ്ച് മണിക്കാണ് വിരുന്ന്.