KERALA

കിഫ്ബി: സർക്കാരിനെ വിടാതെ സിഎജി

സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി 2020- 21 സാമ്പത്തിക വര്‍ഷത്ത സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

കിഫ്ബി കടമെടുപ്പ് സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ സര്‍ക്കാരിനെ വിടാതെ സിഎജി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് സർക്കാരിൻ്റെ വാദങ്ങളെ വീണ്ടും തള്ളുന്നതാണ്.

പുറത്തുനിന്നുള്ള കടമെടുപ്പ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ സിഎജി നിലപാടെടുക്കുന്നു. കിഫ്ബി വഴിയും കേരള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഫണ്ട് വഴിയുള്ള വായ്പകളും സര്‍ക്കാരിന്റെ നേരിട്ടുള്ള കടബാധ്യതയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ആകെ കടം 1.90 ലക്ഷം കോടിയില്‍ നിന്ന് 3.24 ലക്ഷം കോടിയായെന്ന് സിഎജി റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ ആകെ കടം 1.90 ലക്ഷം കോടിയില്‍ നിന്ന് 3.24 ലക്ഷം കോടിയായെന്ന് 2020-21 വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ ബജറ്റിന് പുറത്ത് ആകെ 9273 കോടി രൂപ സംസ്ഥാനം കടമെടുത്തു. ഇതില്‍ 8604.19 കോടി രൂപ കിഫ്ബി വഴിയും 669.05 കോടി രൂപ ക്ഷേമ പെന്‍ഷന്‍ കമ്പനി വഴിയുമെടുത്ത വായ്പകളാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ സംസ്ഥാനത്തിനുമേല്‍ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കലിലൂടെ മാത്രം പൊതുകടം ഇരട്ടിക്കും. കിഫ്ബിയുടെ ബാധ്യതകള്‍ ബജറ്റിന് പുറത്ത് നിന്നുള്ള പ്രധാന വരുമാന സ്രോതസാണെന്ന സര്‍ക്കാരിന്റെ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് റിപ്പോര്‍ട്ട്.

കടമെടുക്കുന്ന തുക വികസന പദ്ധതികള്‍ക്ക് ചെലവഴിക്കുന്നതിന് പകരം ദൈനംദിന ഭരണച്ചെലവുകള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നെന്ന് സിഎജി

നേരത്തെയും കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ സിഎജി ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷം കൂടി അതേറ്റെടുത്തതോടെ കിഫ്ബിയുടേത് ആകസ്മിക ബാധ്യതയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ കിഫ്ബിയുടേത് ആകസ്മിക ബാധ്യതയല്ലെന്ന് സിഎജി എടുത്ത് പറയുന്നു. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നുള്ള തുക തന്നെ കിഫ്ബി ഇടപാടുകള്‍ക്കും ഉപയോഗിക്കുന്നതിനാല്‍ ബാധ്യത സര്‍ക്കാര്‍ ബാധ്യതയായി തന്നെ പരിഗണിക്കപ്പെടും. ഇത്തരം വായ്പകളുടെ പലിശ കൊടുപ്പിന് മാത്രമായി ഭാവിയില്‍ വായ്പകള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഒരുങ്ങുന്നതെന്നും സിഎജി നിരീക്ഷിക്കുന്നു.

നിലവിലെ പൊതുകടത്തിന്റെ 42% തുക അഞ്ച് വര്‍ഷത്തിനുള്ളിലും ബാക്കി ഏഴ് വര്‍ഷത്തിനുള്ളിലും സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കേണ്ടതാണ്. ഇത്തരത്തില്‍ കടമെടുക്കുന്ന തുക വികസന പദ്ധതികള്‍ക്ക് ചെലവഴിക്കുന്നതിന് പകരം ദൈനംദിന ഭരണച്ചെലവുകള്‍ക്കാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുതകള്‍

  • സംസ്ഥാനത്തിന്റെ ആകെ കടം 1.90 ലക്ഷം കോടിയില്‍ നിന്ന് 3.24 ലക്ഷം കോടിയിലെത്തി

  • ആകെ കടം GSDPയുടെ 29.67 ശതമാനമാണ് പരിധി. എന്നാലിത് 39.87 ശതമാനത്തിലെത്തി. ബജറ്റിതര വായ്പകള്‍ കൂടി ചേരുമ്പോള്‍ 42.80 ശതമാനമാകും

  • റവന്യൂ ചെലവിനായി സര്‍ക്കാര്‍ 15,322 കോടിയും കണ്ടെത്തിയത് കേന്ദ്ര സഹായത്തോടെ

  • റവന്യുകമ്മിയില്‍ 244 കോടിയും ധനക്കമ്മിയില്‍ 9471 കോടിയും സര്‍ക്കാര്‍ കുറച്ചുകാണിച്ചു

  • ജിഎസ്ടി , എക്‌സൈസ്, വാഹനനികുതി, സ്റ്റാംപ് ഡ്യൂട്ടി, ഭൂനികുതി തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തില്‍ 7600 കോടിയുടെ കുറവ്

  • വിവിധ സ്ഥാപനങ്ങളിലായി സര്‍ക്കാര്‍ 10,064 കോടി നിക്ഷേപിച്ചത് വെറും 1.34 പലിശയ്ക്കാണെങ്കില്‍ കടമെടുത്തത് 7.13 കോടി രൂപയ്ക്ക്

  • സര്‍ക്കാര്‍ 315 കോടി രൂപ നിക്ഷേപിച്ച 8 കമ്പനികള്‍ നഷ്ടത്തില്‍. പ്രവര്‍ത്തിക്കാത്ത 16 കമ്പനികളില്‍ 33 കോടി രൂപയുടെ നിക്ഷേപം കുടുങ്ങി കിടക്കുന്നു

നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍

കിഫ്ബി വായ്പകള്‍ക്കെതിരെ സിഎജി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമ്പോള്‍ സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ബജറ്റിന് പുറത്തെ വായ്പയായി സംസ്ഥാനം തരംതിരിച്ച കിഫ്ബി കടമെടുപ്പ് നിയമസഭയുടെ പിഎസി തള്ളിയിട്ടും സിഎജി ആവര്‍ത്തിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുകയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2019 സിഎജി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്ത വേളയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ബജറ്റിന് പുറത്തെ വായ്പയാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ധനമന്ത്രി. പെന്‍ഷന്‍ കമ്പനി വായ്പകള്‍ താല്‍ക്കാലിക വായ്പ മാത്രമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാമൂഹ്യ സുരക്ഷാ ശൃംഖലകളാണ് ദാരിദ്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തുന്നതെന്ന വസ്തുത സിഎജി അവഗണിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

കിഫ്ബി മസാല ബോണ്ടും ഐസക്കും

കഴിഞ്ഞ ദിവസമാണ് കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് അയച്ചത്.നേരത്തെ സിഎജിയും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും ഇ ഡിയുമെല്ലാം ഒരുമിച്ച് കെണിയൊരുക്കിയിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു നോട്ടീസിനോട് മുന്‍ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. മസാലബോണ്ട് എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഇ ഡി വാദത്തില്‍ കിഫ്ബി സംസ്ഥാന സര്‍ക്കാരല്ലെന്നും , സര്‍ക്കാരിന്റെ 'ബോഡി കോര്‍പ്പറേറ്റ്' മാത്രമാണെന്നുമാണ് ഐസക് നല്‍കുന്ന വിശദീകരണം.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു