സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിമർശനമായി നികുതി പിരിവ് കാര്യക്ഷമമല്ല എന്നത്. ഈ വിമർശനം സാധൂകരിക്കുന്നതാണ് സിഎജി കണ്ടെത്തലുകൾ. 12 വകുപ്പുകളിലായി പിരിച്ചെടുക്കാനുള്ള റവന്യൂ കുടിശിക 7100.32 കോടി രൂപയാണ്. ഇതിൽ 6422 കോടി രൂപയും, സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ്. നികുതി കുടിശിക പിരിച്ചെടുക്കാൻ ഡാറ്റ ബാങ്ക് തയ്യാറാക്കണമെന്നും സിഎജി ശുപാർശ ചെയ്യുന്നു.
വിവിധ സ്ഥാപനങ്ങളിലായി തെറ്റായ നികുതി പിരിവും അനർഹമായ ഇളവുകളും അനുവദിച്ചതിലൂടെ 51കോടി 28 ലക്ഷം രൂപയാണ് നഷ്ടം. നിരക്കിന്റെ ഫലമായി 11 കോടിയുടെ കുറവുണ്ടായി. 2020- 21 കാലത്തെ ബജറ്റ് പ്രഖ്യാപനത്തിലെ നികുതിയേതര വരുമാനത്തിൽ പകുതി മാത്രമാണ് സമാഹരിക്കാനായത്. 49.16 ശതമാനം കുറവാണ് സമാഹരിച്ചതെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. യാഥാർഥ്യ ബോധത്തോടെയുള്ള ആസൂത്രണം ബജറ്റ് നിയന്ത്രണത്തിൽ നടപ്പാക്കേണ്ടെന്നും സിഎജി നിർദേശിക്കുന്നു. മാനദണ്ഡങ്ങളിലെ വീഴ്ചമൂലം രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലുമായി 1.54 കോടി രൂപയുടെ കുറവ് ഉണ്ടായി.
എക്സൈസ് കമ്മീഷണർക്കെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. രണ്ട് ലൈസൻസുകൾ അനധികൃതമായി കൈമാറ്റം ചെയ്യാൻ എക്സൈസ് കമ്മീഷണർ നിയമങ്ങൾ ദുരുപയോഗം ചെയ്തു. ഇതിലൂടെ 26 ലക്ഷം രൂപ നഷ്ടമുണ്ടായതായും സിഎജി കണ്ടെത്തി. കൂടാതെ കൃത്യമായി പിഴചുമത്താത്തതിൽ ഉൾപ്പെടെ ഒരു കോടി 34 ലക്ഷം രൂപയുടെ നഷ്ടവും എക്സൈസ് വകുപ്പിന് ഉണ്ടായി. ബാറുകളുടെ അനധികൃത പുനഃസംഘടന കണ്ടെത്താൻ ഇടയ്ക്കിടെ പരിശോധന വേണമെന്നും സിഎജി ശുപാർശ ചെയ്യുന്നു