KERALA

കോഴിക്കോട് എൻഐടിയിൽ ഇന്നു മുതൽ ഓൺലൈൻ ക്ലാസ്; സമരം പൊളിക്കാനുള്ള നീക്കമെന്ന് വിദ്യാർഥികൾ

ബിടെക്, ബി ആർക്ക് പോലുള്ള ബിരുദ കോഴ്സുകളിലുള്ള വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിരിക്കുന്നത്

വെബ് ഡെസ്ക്

ക്യാമ്പസിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തുകയും ഹോസ്റ്റൽ സമയം പുനഃക്രമീകരിക്കുകയും ചെയ്തതിനെതിരെ നടപടിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെ കോഴിക്കോട് എൻഐടിയിൽ ക്ലാസുകള്‍ ഓൺലൈനാക്കി മാറ്റി. ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്ന് എൻഐടി സര്‍ക്കുലറില്‍ അറിയിച്ചു.

ഏപ്രിൽ അഞ്ച് വരെ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നാണ് അറിയിപ്പ്. ശേഷം റഗുലർ ക്ലാസുകൾ ആരംഭിക്കുമെന്നും ഏപ്രിൽ 17ന് വർഷാവസാന സെമസ്റ്റർ പരീക്ഷ നടക്കുമെന്നും നോട്ടീസിൽ പറയുന്നു.

ബിടെക് ബി ആർക്ക് പോലുള്ള ബിരുദ കോഴ്സുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിരിക്കുന്നത്. പിജി പിഎച്ച്ഡി വിദ്യാർഥികൾക്ക് നിലവിലുള്ളതുപോലെ തന്നെ ഓഫ്‌ലൈനായി തുടരാമെന്നും അക്കാഡമിക് ഡീന്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

ഉത്തരവ്

എന്നാല്‍, എന്‍ഐടി ക്യാമ്പസിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ നടക്കുന്ന സമരം പൊളിക്കാനാണ് ക്ലാസ് ഓൺലൈനാക്കിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം. വിദ്യാർത്ഥികൾക്ക് രാത്രി കർഫ്യു ഏർപ്പെടുത്തിയതിന് പുറമെ ഇനി മുതൽ എല്ലാവർക്കും ഐഡി കാർഡും നിർബന്ധമാകുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നതായും വിദ്യാര്‍ഥികള്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

രാത്രി 12നുള്ളിൽ വിദ്യാർഥികൾ ഹോസ്റ്റലുകളിൽ കയറണമെന്നും ക്യാമ്പസ്സിനകത്ത് രാത്രിസഞ്ചാരം അനുവദിക്കില്ലെന്നും അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 11 മണിക്കുശേഷം കാന്റീനുകൾ പ്രവർത്തിക്കില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിന് വിചിത്രമായ കാരണങ്ങളും എൻഐടി അധികൃതർ പറഞ്ഞിരുന്നു. അർധരാത്രി ഭക്ഷണം കഴിക്കുന്നതും ഉറക്കമില്ലാതിരിക്കുന്നതും വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ന്യായമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുന്നോട്ടുവച്ചത്.

വിദ്യാർത്ഥികളുടെ പ്രതിഷേധ ബാനറും പ്ലക്കാർഡുകളും

ജനുവരിയിൽ വിദ്യാർഥികൾ ക്യാമ്പസ്സിൽ നടത്തിയ സമരത്തോടുള്ള പ്രതികാരനടപടിയാണിതെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. വൈശാഖ് എന്ന വിദ്യാർത്ഥിയെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. രാമക്ഷേത്ര പ്രതിഷ്ഠ നടന്ന ജനുവരി 22ന്റെ തലേ ദിവസം ക്യാമ്പസ്സിലെ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ് നടത്തിയ ആഘോഷപരിപാടിയിൽ പ്രതിഷേധിച്ചതിനാണ് ദളിത് വിദ്യാർത്ഥിയായ വൈശാഖിനെതിരെ നടപടിയെടുത്തത്. 'ഇന്ത്യ രാമരാജ്യമല്ല' എന്ന പ്ലക്കാർഡുമായാണ് വൈശാഖ് പ്രതിഷേധിച്ചത്.

വൈശാഖിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും നടപടി പിൻവലിക്കാൻ അധികൃതർ നിർബന്ധിതരാവുകയുമായിരുന്നു. അതിനുശേഷവും ക്യാമ്പസ് വിവാദങ്ങളിൽ ഇടം പിടിച്ചു. എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. "ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ട്" എന്നായിരുന്നു ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് കമന്റ്. അധ്യാപികയ്‌ക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ