KERALA

പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് എൻഐടി വിദ്യാർഥി വൈശാഖിന്റെ സസ്പെൻഷൻ പിൻവലിച്ചു

വെബ് ഡെസ്ക്

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രതിഷേധം ഫലം കണ്ടു. ബിടെക്ക് വിദ്യാർഥി വൈശാഖിനെ സസ്‌പെൻഡ് ചെയ്ത നടപടി മരവിപ്പിച്ച് സ്റ്റുഡന്റ് വെൽഫെയർ ഡീൻ ഉത്തരവിറക്കി. രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി എൻഐടിയിലെ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ്ബിന്റെ പേരിൽ ഒരു വിഭാഗം നടത്തിയ ആഘോഷ പ്രകടനങ്ങളിൽ പ്രതിഷേധിച്ച് 'ഇന്ത്യ രാമരാജ്യമല്ലെ'ന്ന പ്ലക്കാർഡുയർത്തിയതിനാണ് വൈശാഖിനെ സസ്‌പെൻഡ് ചെയ്തത്.

സസ്പെൻഷൻ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്

ജനുവരി 21ന് സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽ കാവിനിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും ഉൾപ്പെടുത്തി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈ പരിപാടി സംഘടിപ്പിച്ച വിദ്യാർഥികൾ ജയ് ശ്രീ റാം മുദ്രാവാക്യവും മുഴക്കി. ഇതിനെതിരെയാണ് അടുത്ത ദിവസം വൈശാഖ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ "ഇന്ത്യ രാമരാജ്യമല്ല" എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചത്.

ഈ പ്രതിഷേധത്തിലേക്ക് ജയ് ശ്രീ റാം വിളിച്ചുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ ഇരച്ചു കയറുകയും, ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു. സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾക്ക് നേരെ നടപടിയൊന്നും സ്വീകരിക്കാതെ സമാധാനപരമായി പ്രതിഷേധിച്ച വൈശാഖിനെതിരെ മാത്രം നടപടിയെടുത്തെന്നതാണ് വിദ്യാർഥികളുടെ പ്രധാന ആരോപണം. ഡീനിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ച മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു.

സമരവിജയത്തിൽ ആഹ്ലാദിക്കുന്ന വിദ്യാർഥികൾ

പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ് എഫ് ഐ, കെ എസ് യു, ഫ്രറ്റേർണിറ്റി എന്നീ സംഘടനകൾ രംഗത്തെത്തി. നിരന്തരമായി സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നു എന്നതുൾപ്പെടെ നിരവധി കാരണങ്ങൾ കാണിച്ചുകൊണ്ടായിരുന്നു സ്ഥാപനം വൈശാഖിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നടപടിക്ക് ശുപാർശ ചെയ്ത അന്വേഷണ കമ്മീഷനിൽ വിദ്യാർഥികളെ ഉൾപ്പെടുത്താതിരുന്നതിലും നിഗൂഢതകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ നടപടികളും മരവിപ്പിച്ചുകൊണ്ട് സ്റ്റുഡന്റ് വെൽഫെയർ ഡീൻ ഉത്തരവിറക്കുകയായിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം