KERALA

കാലിക്കറ്റ് സര്‍വകലാശാല: അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റിവെച്ചു

രണ്ട് വര്‍ഷം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് വിധി പറയാന്‍ മാറ്റിവെച്ചു

വെബ് ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാല 2021 ല്‍ 53 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചതിലെ സംവരണ അട്ടിമറി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. സംവരണ ക്രമപട്ടിക തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. രണ്ട് വര്‍ഷം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ പി റഷീദ് അഹമ്മദ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി ആധാരമാക്കിയാണ് ഇരുപതോളം ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണം തെറ്റായ രീതിയില്‍ നടപ്പിലാക്കിയതിനാല്‍ അര്‍ഹരായ 24 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നഷ്ടപ്പെട്ടു എന്ന് ഹര്‍ജിയില്‍ പറഞ്ഞു. ഹൊറിസോണ്ടല്‍ രീതിയില്‍ നടപ്പിലാക്കേണ്ട സംവരണം വെര്‍ട്ടിക്കല്‍ രീതിയിലാണ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കായത്. ഇത് കെ എസ് ആന്‍ഡ് എസ് എസ് ആറിന്റെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണ്.

ഇതേ വാദമുന്നയിച്ച് ഹൈക്കോടതിയെ സമീപ്പിച്ച ഡോ അനുപമ കെ പി ക്ക് ജേര്‍ണലിസം പഠനവകുപ്പില്‍ നിയമനം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ യൂണിവേഴ്‌സിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍വകലാശാലയ്ക്ക് അനുകൂല വിധി ലഭിച്ചില്ല .

അതേസമയം സംവരണം അട്ടിമറി കാരണം നിയമനം നഷ്ടപ്പെട്ട മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി - പട്ടികവര്‍ഗ കമ്മിഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നിയമനം നല്‍കാന്‍ സര്‍വകലാശാലയോട് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ സര്‍വകലാശാല ഉത്തരവ് നടപ്പിലാക്കിയിട്ടില്ല.

സംവരണ റൊട്ടേഷന്‍ ചാര്‍ട്ട് തെറ്റാണെന്ന കാര്യം നിയമന സമയത്ത്തന്നെ ഡിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ റഷീദ് അഹമ്മദ് ഉന്നയിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍വകലാശാല അധികാരികള്‍ ഇത് പരിഗണിച്ചില്ല.

നിയമനത്തിനുള്ള നോട്ടിഫിക്കേഷനില്‍ സംവരണ ക്രമം വ്യക്തമാക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയ്ക്കനുസരിച്ച് നിയമനം ക്രമീകരിക്കാനാണ് സംവരണ ക്രമം മറച്ച് വെച്ചത് എന്നായിരുന്നു പരാതി. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഭാര്യമാര്‍ ഉള്‍പ്പെടെ നിയമനം നേടിയതും വിവാദമായി.

അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമനങ്ങളിലും ഇതേ വാദം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഉദ്യോഗാര്‍ഥികള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ ജോര്‍ജ് പൂന്തോട്ടം, പി രവീന്ദ്രന്‍ എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി