KERALA

നിയമനം അസാധുവാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത്; പുനഃപരിശോധനാ ഹര്‍ജിയുമായി കെടിയു മുന്‍ വിസി ഡോ. രാജശ്രീ

നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡോ. രാജശ്രീ ഹര്‍ജിയില്‍

വെബ് ഡെസ്ക്

സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി മുന്‍ വിസി ഡോ. എം എസ് രാജശ്രീ. വിസി നിയമനം അസാധുവാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. വിധിയുടെ അടിസ്ഥാനത്തില്‍ അതുവരെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും മടക്കി നല്‍കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. അതിനാല്‍ തന്നെ മുന്‍കാല പ്രാബല്യം അനുവദിക്കരുതെന്നാണ് ആവശ്യം.

നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡോ. രാജശ്രീ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സെര്‍ച്ച് കമ്മിറ്റി ഒരുപേര് മാത്രമാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തതില്‍ തനിക്ക് പങ്കില്ല. അവിടെ സംഭവിച്ച പിഴവിന് നിരപരാധിയായ താന്‍ ഇരയാകുകയായിരുന്നു. സമൂഹത്തിന് മുന്നില്‍ അപമാനിതയായെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന.

കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയുടെ നിയമനം അസാധുവാക്കി ഒക്ടോബര്‍ 21 നാണ് സുപ്രീംകോടതി വിധി വന്നത് . യുജിസി ചട്ടപ്രകാരമല്ല നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി. ചാന്‍സലര്‍ക്ക് കൈമാറിയ പട്ടികയില്‍ ഒരാളുടെ പേര് മാത്രമെ നിര്‍ദേശിച്ചിരുന്നുള്ളു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിയമനം റദ്ദാക്കണമെന്ന കെടിയു മുന്‍ ഡീന്‍ ഡോ. പി എസ് ശ്രീജിത്തിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഡോ. പി എസ് ശ്രീജിത്ത് ഹര്‍ജി നല്‍കിയിരുന്നത്.

വിധിയ്ക്ക് പിന്നാലെ തന്നെ ഡോ. രാജശ്രീക്ക് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വി സിയാണ് ഡോ. രാജശ്രീ എം എസ് എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.

2019 ഫെബ്രുവരിയിലാണ് ഡോ. രാജശ്രീയെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് അന്നത്തെ ഗവര്‍ണറായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് സദാശിവം ഉത്തരവിറക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ