ചില കോടതികളില്‍ നിന്ന് അന്യായ വിധികളുണ്ടാകുന്നെന്ന് കർദിനാർ ജോർജ് ആലഞ്ചേരി. പീലാത്തോസിന് വിധികളെഴുതി കൊടുത്തത് ജനങ്ങളും സീസറുമാണെന്നും ഇതുപോലെ കോടതികള്‍ക്ക് വിധികള്‍ എഴുതി കൊടുക്കുകയാണെന്നും ആലഞ്ചേരി പറഞ്ഞു. മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായ വിധി പുറപ്പെടുവിക്കുന്നത്. ഇത്തരം വിധികളുണ്ടാകരുതെന്ന് സുപ്രീംകോടതിയുടെ പരാമർശമുണ്ട്. എന്നിട്ടുമിത് തുടരുന്നെങ്കില്‍ ചിലപ്പോഴത് ജൂഡീഷ്യല്‍ ആക്ടിവിസം എന്ന പ്രതിഭാസമാകാമെന്നും കർദിനാള്‍ കൂട്ടിച്ചേർത്തു. ദുഃഖവെള്ളി ദിന സന്ദേശത്തിലാണ് കർദിനാളിന്റെ പരാമർശം.
'പീലാത്തോസിന്റെ അന്യായ വിധികള്‍ക്ക് കൂട്ടുനിന്ന ആളുകളെ പോലെ, പുരോഹിത പ്രമാണികളെ പോലെയാണോ നമ്മള്‍ വർത്തിക്കുന്നതെന്ന് നമ്മളിന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പീലാത്തോസിന്റെ വിധിന്യായം എഴുതിക്കൊടുത്തത് ജനങ്ങളും സീസറുമാണെന്ന് നമുക്കറിയാം. ഇതുപോലെ ന്യായാധിപന്മാർക്ക് വിധികളെഴുതി കൊടുക്കുന്ന സാഹചര്യത്തിലാണ് നാമുള്ളത്. മാധ്യമപ്രേരണ കൊണ്ടാകാം. ജനപ്രീതി ലഭിക്കുന്നതിന് വേണ്ടിയാകാം. ഈ ലോകത്തിന്റേതായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടിയാകാം, ഇന്ന് ന്യായാധിപന്മാർ അന്യായ വിധികളെഴുതുന്നത്.'എന്നായിരുന്നു കർദിനാളിന്റെ പരാമർശം.
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീംകോടതി രണ്ടാഴ്ച മുൻപ് തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നായിരുന്നു കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍പ്പന നടത്തിയതില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.