വിമർശിച്ചുവെന്ന പേരിൽ യുവ അഭിഭാഷകനെതിരെ കലാപാഹ്വാന കേസെടുത്ത് കേരള പോലീസ്. കളമശേരി യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന ബോംബ് സ്‌ഫോടനത്തിനുപിന്നാലെ മുസ്ലിം ചെറുപ്പക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണമാണ് കേസിനാധാരം. മലപ്പുറം സ്വദേശിയായ അമീൻ ഹസനാണ് ഞായറാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വടകര പോലീസ് നോട്ടീസയച്ചത്. എന്നാല്‍ പോലീസിനെ വിമർശിക്കുന്നത് എങ്ങനെയാണ് കലാപത്തിനുള്ള പ്രകോപനമാകുന്നതെന്ന് അമീൻ ഹസൻ ദ ഫോർത്തിനോട് പ്രതികരിച്ചു.
2023 ഒക്ടോബർ 29ന് കളമശേരിയിൽ നടന്ന സ്‌ഫോടനക്കേസിൽ, പനായിക്കുളം സിമി കേസിൽ കോടതി നിരപരാധികളെന്ന് കണ്ടെത്തിയ നാല് മുസ്ലിം ചെറുപ്പക്കാരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. യഹോവാസാക്ഷികളുടെ കൺവെൻഷനിലുണ്ടായ സംഭവത്തിൽ പങ്ക് സംശയിച്ചായിരുന്നു നടപടി. ഇതിനെതിരെ 'മക്തൂബ് മീഡിയ' എന്ന ഓൺലൈൻ മാധ്യമം നൽകിയ വാർത്തയിലാണ് അമീൻ ഹസന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. "ഒരു സ്ഫോടനമുണ്ടാകുമ്പോൾ ആർ എസ് എസുകാരയോ കാസക്കാരെയെയോ സംശയിക്കാതെ കോടതി വെറുതെ വിട്ട മുസ്ലിം ചെറുപ്പക്കാരെ മാത്രം എന്തുകൊണ്ട് പോലീസ് സംശയിക്കുന്നു?" എന്നായിരുന്നു അമീൻ ഹസന്റെ കമന്റ്. പോലീസിന്റെ മുസ്ലിം മുൻവിധിയുടെ പ്രശ്നം ആണത് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പോലീസിന്റെ നടപടിക്കെതിരെ പ്രതികരിച്ചതിനും ഒരു വാർത്താ മാധ്യമത്തിന് കമന്റ് നൽകിയതിനും കലാപാഹ്വാനം എന്ന കുറ്റം ചുമത്തുന്നത് മൗലികാവകാശം ലംഘിക്കുന്നതിന് തുല്യമാണ്അമീൻ ഹസൻ
നാല് മുസ്ലിം ചെറുപ്പക്കാരെ കരുതൽ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വാർത്ത നല്‍കിയതിന്റെ പേരിൽ മക്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യലക്കത്തിനും ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ റെജാസ് എം സിദ്ദീഖിനുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
'മക്തൂബ് മീഡിയക്കെതിരെ കേസെടുത്തതിന് പിന്നാലെ ജനുവരിയിൽ പോലീസ് എന്നെ ബന്ധപ്പെട്ടിരുന്നു. താങ്കൾ അങ്ങനെ ഒരു പ്രസ്താവന പറഞ്ഞിട്ടില്ലെന്ന് എഴുതണോയെന്ന് ചോദിച്ചു. എന്നാല്‍ ആ പ്രസ്താവന പറഞ്ഞതാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നുമായിരുന്നു എന്‍റെ മറുപടി. അത് പോലീസിനെതിരെയുള്ള വിമർശനം മാത്രമാണ്. പോലീസിനെ വിമർശിക്കുക, സ്റ്റേറ്റിനെ വിമർശിക്കുക എന്നതൊന്നും കലാപാഹ്വാനമോ മതസ്പർദ്ധ വളർത്തലോ ആവുന്നില്ല. ഇപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് നൽകിയത്. ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. പ്രതി ചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്" അമീൻ ഹസൻ വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കാത്തതാണെന്നും അഭിഭാഷകനായ അമീന്‍ ചൂണ്ടിക്കാട്ടുന്നു. "നിയമപരമായി നിലനിൽക്കാത്ത കേസാണിത്. കുറ്റപത്രം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. പോലീസിന്റെ നടപടിക്കെതിരെ പ്രതികരിച്ചതിനും ഒരു വാർത്താ മാധ്യമത്തിന് കമന്റ് നൽകിയതിനും കലാപാഹ്വാനം എന്ന കുറ്റം ചുമത്തുന്നത് മൗലികാവകാശം ലംഘിക്കുന്നതിന് തുല്യമാണ്. വിമർശനം പൗരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. മതസ്പർധ ഉണ്ടാക്കുന്നുവെന്ന് കരുതാൻ ഭരണകൂടത്തിന് മതം ഇല്ലല്ലോ. മുസ്ലിങ്ങളോട് കേരളാ പോലീസിന് ഒരു മുൻവിധിയുണ്ട് എന്ന വിമർശനം ശരിവയ്ക്കുന്ന ഒന്നായാണ് ഇതിനെ ഞാൻ മനസിലാക്കുന്നത്" അമീൻ ഹസൻ ദ ഫോർത്തിനോട് പറഞ്ഞു.