സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി നടി നല്‍കിയ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരേ കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ജയസൂര്യയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354എ, 509 എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
അന്വേഷണ സംഘം ഇന്നലെ കൊച്ചിയിലെത്തി നടിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, ആരോപണവിധേയനായ മറ്റൊരു നടനും താരസംഘടനയായ 'അമ്മ'യുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖിനെതിരേ ഇന്ന് കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. യുവനടി നല്‍കിയ പരാതിയില്‍ സിദ്ധിഖിനെതിരേ ആറ് കേസുകൾ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിദ്ധിഖിനെതിരേ ഗുരുതര ആരോപണങ്ങളാണ് നടി പോലീസിനു നല്‍കിയ മൊഴിയിലുള്ളതെന്നാണ് സൂചന.
താന്‍ ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് നടി മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇന്നലെ നടിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. ഇതേത്തത്തുടര്‍ന്ന് സംഭവദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റുരേഖകളും ഹാജരാക്കാന്‍ ഹോട്ടല്‍ അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും ഈ കേസും അന്വേഷിക്കുക. കേസ് ഏറ്റെടുത്താല്‍ ഉടന്‍തന്നെ സിദ്ധിഖിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.