KERALA

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്: കലാപാഹ്വാനത്തിനുള്‍പ്പെടെ കേസ്, പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി

പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

വെബ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസ്. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് കേസിലെ രണ്ട്, മൂന്ന് നാല് പ്രതികള്‍. 38 പേര്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം, കണ്ടോണ്‍മെന്റ് സ്‌റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. കണ്ടോണ്‍മെന്റ് സ്റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയും കേസെടുത്തു.

rPB4sIZfPLSrU5FssM_20231220204453..pdf
Preview

നവ കേരള സദസിൻ്റെ ഭാഗമായി കേരള സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. നവ കേരള മാര്‍ച്ച് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പോലീസുമായി എറ്റുമുട്ടിയതോടെ പ്രദേശത്ത് തെരുവുയുദ്ധത്തിന് സമാനമായ അവസ്ഥയിലേക്ക് കടന്നു. പലതവണയായുള്ള ലാത്തിച്ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒമ്പതോളം പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടുന്ന നിലയില്‍ നിന്ന് പോലീസുള്‍പ്പെടെ പിന്തിരിഞ്ഞില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്നായിരുന്നു സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രതികരണം. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണം. ഇനിയും അടിച്ചാല്‍ തിരിച്ചടിക്കും. അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്. അത് ചെയ്യിക്കരുത്. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്നും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരെയും രൂക്ഷമായ ആരോപണങ്ങളായിരുന്നു വിഡി സതീശന്‍ ഉന്നയിച്ചത്.

എന്നാല്‍, നവ കേരള സദസിന് ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുവന്ന ഈ യാത്രയ്ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ അനിതരസാധാരണമാണ്. എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നത്. നാടിന്റെ നിലനില്പിനെയും പുരോഗതിയെയും സംബന്ധിച്ച അത്തരം സുപ്രധാന വിഷയങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്നവരുടേതാണ് ആ അസ്വസ്ഥത. അവര്‍ ഉന്നയിക്കുന്ന തെറ്റായ വാദങ്ങളെയും എതിര്‍പ്പുകളെയും അക്രമോത്സുക രീതികളെയും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അതില്‍ നൈരാശ്യം പൂണ്ട് വിചിത്ര രീതികള്‍ അവലംബിക്കുകയാണ് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍