കാസര്‍ഗോഡ് തെരുവ് നായ്ക്കളെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി പോയ രക്ഷിതാവിനെതിരെ കേസെടുത്തു. കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി സമീറിനെതിരെയാണ് ബേക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസ്. സമീര്‍ തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കയ്യിലുണ്ടായിരുന്നത് എയര്‍ഗണ്ണാണെന്ന് സമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസെടുത്തതില്‍ വിഷമമുണ്ടെന്നും ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സമീര്‍ പ്രതികരിച്ചു. തന്റെ മകള്‍ തെരുവ് നായ്ക്കളെ പേടിച്ച് മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീറിന്റെ വിശദീകരണം. ഏതെങ്കിലും നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെ തെരുവ് നായ്ക്കളെ വെടിവെച്ചിട്ടില്ലെന്ന് സമീര്‍ വിശദീകരിച്ചിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു. അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും സമീര്‍ പറഞ്ഞിരുന്നു.