കാലിക്കറ്റ് സര്‍വകലാശാലയില്‍ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും മറ്റ് വിഭാഗങ്ങളെ നിയമിച്ച സംഭവത്തിന്റെ പിന്നിലെ കാരണമെന്താണ്? ഇതിനുത്തരമാണ് ദ ഫോര്‍ത്ത് അന്വേഷിക്കുന്നത്. 2019ല്‍ പുറപ്പെടുവിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം മുതല്‍ തുടങ്ങുകയാണ് സര്‍വകലാശാലയുടെ സംവരണ അട്ടിമറി. 24 വിഭാഗങ്ങളിലായി 63 ഒഴിവുകളാണ് 2019 ഡിസംബര്‍ 31 ന് കാലിക്കറ്റ് സര്‍വകലാശാല വിജ്ഞാപനം ചെയ്തത്. എന്നാല്‍ ഇതിലെവിടെയും സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റി വയ്ക്കപ്പെട്ട ഒഴിവുകള്‍ ഏതെന്നോ ജനറല്‍ ഒഴിവുകള്‍ ഏതെന്നോ വ്യക്തമാക്കുന്നില്ല.
ഒഴിവുകള്‍ പരസ്യപ്പെടുത്തുമ്പോള്‍ തന്നെ ബന്ധപ്പെട്ട സംവരണം ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണം എന്നതാണ് യുജിസി മാര്‍ഗനിര്‍ദേശം. എന്നാല്‍ കാലിക്കറ്റിലാവട്ടെ തസ്തികയും ഒഴിവുകളുടെ എണ്ണവും മാത്രമാണ് പരസ്യപ്പെടുത്തുന്നത്. ആയിരക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികള്‍ ഒരുപോലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതാണ് പതിവ്. 2000 രൂപ അപേക്ഷാ ഫീസ് ഈടാക്കി ഒടുവില്‍ അഭിമുഖവും പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍കലാശാല സംവരണം അട്ടിമറിച്ച് നിയമനം നടത്തുന്നത്.
എന്നാല്‍ കേരള സര്‍വകലാശാല ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ കൃത്യമായ യുജിസി മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ട്. ഒഴിവുകള്‍ക്കൊപ്പം ബന്ധപ്പെട്ട സംവരണമടക്കം വ്യക്തമാക്കിയാണ് കേരള സര്‍വകലാശാല ഉള്‍പ്പെടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
2016 ഫെബ്രുവരിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും നേടിയ ഉത്തരവാണ് യുജിസി നിര്‍ദ്ദേശം മറികടക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല മറയാക്കുന്നത്. പി എസ് സി മാതൃകയില്‍ നിയമന സമയത്ത് മാത്രം സംവരണം പരിഗണിച്ചാല്‍ മതിയെന്നതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനം. യൂണിവേഴ്‌സിറ്റി ആക്ടില്‍ വ്യവസ്ഥയില്ലാത്ത കാര്യങ്ങള്‍ക്ക് കേരള സര്‍വീസ് ചട്ടം ബാധകമാണെന്ന് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് നിയമനങ്ങള്‍ നടത്തിയത് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഇതിന് ശേഷം നടത്തിയ നിയമനങ്ങളില്‍ സംവരണം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
കോടതി ഉത്തരവിന്റെ മറവില്‍ സംവരണം പൂര്‍ണമായും അട്ടിമറിച്ച് നിയമനം നടത്തുന്നത് ഇഷ്ടക്കാരെ തിരികി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന ആക്ഷേപം.