KERALA

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; ഡയറക്ടര്‍ രാജിവെക്കുന്നതുവരെ സമരം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍

ഡയറക്ടര്‍, സ്ഥാപനത്തിലെ ജോലിക്കാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു

തുഷാര പ്രമോദ്

കെ ആര്‍ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരം ആരംഭിച്ചു. ശങ്കര്‍ മോഹന്‍ 2019 ല്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി എത്തിയതുമുതല്‍ കടുത്ത ജാതി വിവേചനമാണ് നടത്തിവരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതിന് പിന്നിലും ശങ്കര്‍ മോഹനാണെന്ന് ദളിത് അപേക്ഷാര്‍ത്ഥികള്‍ ആരോപിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഡയറക്ടര്‍, സ്ഥാപനത്തിലെ ജോലിക്കാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസ്ഥ രൂക്ഷമായതോടെയാണ് വിദ്യാര്‍ഥികള്‍ ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെയാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. ഡയറക്ടര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതിരിക്കുകയും ശങ്കര്‍ മോഹന്‍ ഡയറക്ടറായി തുടരുകയും ചെയ്യുന്ന സാഹര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

ജാതി വിവേചനമടക്കമുള്ള വിഷയങ്ങളിലാണ് തങ്ങള്‍ ഇപ്പോള്‍ സമരം നടത്തുന്നതെങ്കിലും ശങ്കര്‍ മോഹന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനുള്ള പ്രായപരിധി കഴിഞ്ഞെന്നും അതിനാല്‍ അദ്ദേഹം അയോഗ്യനാണെന്നും ശ്രീദേവ് പറയുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ മാത്രമല്ല മറ്റു കോര്‍പ്പറേഷന്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലെയും എംഡി/ സെക്രട്ടറി / ഡയറക്ടര്‍ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ഉയര്‍ന്ന പ്രായപരിധി 65 വയസ്സായി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ശങ്കര്‍ മോഹന് 68 വയസ്സുള്ളതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജനുവരി 25ന് വന്ന ഈ ഓര്‍ഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തപാല്‍ രേഖകളില്‍ ഒന്നും തന്നെ ചേര്‍ത്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് പറയുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അയയ്ക്കുകയും എന്നാല്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുകയും ചെയ്യാത്ത ഓര്‍ഡറിന് എന്തു പറ്റിയെന്ന് അന്വേഷിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

പ്രായപരിധി സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവ്

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം നടന്ന പ്രവേശനത്തില്‍ സംവരണം അട്ടിമറിക്കപ്പെടുകയും പ്രവേശനം ലഭിക്കാതെ വരികയും ചെയ്തതോടെ ദളിത് അപേക്ഷാര്‍ഥി ശരത് കോടതിയെ സമീപിച്ചിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ പ്രവേശനം നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. നവംബര്‍ 11ന് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചെങ്കിലും ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രവേശനം ലഭിച്ചതായുള്ള അറിയിപ്പ് ശരതിന് ലഭിക്കുന്നത്. എന്നാല്‍ ഇതിനകം ശരത് മറ്റൊരു സ്ഥാപനത്തില്‍ പ്രവേശനം നേടികഴിഞ്ഞിരുന്നു.

ശരത്തിന്‍റെ കേസിലെ കോടതി ഉത്തരവ്

പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടാണ് കേസില്‍ ഇപ്പോഴും വിധി വരാത്തതിന്റെ കാരണമെന്ന് ശരത് ദ ഫോര്‍ത്തിനോട് പറഞ്ഞു. കട്ടോഫ് മാര്‍ക്ക് നേടാന്‍ സാധിക്കാത്തതിനാലാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം എന്നാല്‍ സംവരണ വിഭാഗത്തിനും ജനറല്‍ വിഭാഗത്തിനും ഒരേ കട്ടോഫ് മാര്‍ക്ക് ആയിരിക്കില്ലെന്നും ശരത് പറയുന്നു. പ്രവേശനപ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കട്ടോഫ് മാര്‍ക്കില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ സംവരണം അട്ടിമറി സംഭവിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തതിനാലാണ് വിധി വരുന്നതുവരെ പ്രവേശനം നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ച് ആരംഭിച്ചെങ്കിലും വിദ്യര്‍ഥികള്‍ക്ക് സിലബസോ അക്കാദമിക് നോട്ടുകളോ ഇതുവരെ നല്‍കിയില്ലെന്നും ശ്രീദേവ് വ്യക്തമാക്കി. ശങ്കര്‍ മോഹനെ ഇനി ഡയറക്ടറായി തുടരാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാടെന്നും അദ്ദേഹം രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീദേവ് കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ