പെരിയ ഇരട്ട കൊലപാതക കേസിലെ സാക്ഷിമൊഴികൾ പ്രസിദ്ധീകരിക്കുന്നതിന് സിബിഐ കോടതിയുടെ വിലക്ക്. വിചാരണ നടപടികൾ റിപോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെയും കോടതി വിലക്കി. സാക്ഷികൾക്ക് ഭീഷണിയുണ്ടന്ന റിപ്പോർട്ടിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക ജഡ്ജി കെ കമനീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, കേസിൽ സാക്ഷികളാക്കിയ സർക്കാർ ഉദ്യോഗസ്ഥരുടെ മൊഴി റിപ്പോർട്ട് ചെയ്യാം.
സാക്ഷികളുടെ ശരിയായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ വിചാരണ വേളയിൽ മാധ്യമങ്ങളെ കോടതിക്ക് പുറത്ത് നിർത്തണമെന്ന് പ്രോസിക്യൂഷനാണ് ആവശ്യപ്പെട്ടത്. പെരിയ കൊലപാതകവും അനുബന്ധ സംഭവങ്ങളും സംസ്ഥാനത്ത് മറ്റ് പല രാഷ്ട്രീയ അക്രമങ്ങൾക്ക് തുടക്കമിട്ടതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികൾക്ക് ഭീഷണിക്കും ആക്രമണത്തിനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സാക്ഷികൾ ഭയത്തോടെയാണ് ജീവിക്കുന്നത്. അവർ കടുത്ത സമ്മർദ്ദവും ആഘാതവും അനുഭവിക്കുകയാണെന്നുമായിരുന്നു വാദം. സാക്ഷിക്ക് ദുരിതം, ജീവന് ഭീഷണി, ബലപ്രയോഗം, ഉപദ്രവം എന്നിവ നേരിടേണ്ടിവരുമെന്നും ശത്രുതയിലേക്ക് തിരിയാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
സാക്ഷികളുടെ ശരിയായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. സാക്ഷികളുടെ വാർത്തകളും ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും പരസ്യപ്പെടുത്തുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിസ്താരവേളയിൽ സാക്ഷികൾ നടത്തിയ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നത് നീതിയുടെ താത്പര്യത്തിന് വിരുദ്ധമാകുമെന്നും കോടതി വിലയിരുത്തി. 2019 ഫെബ്രുവരി 17 ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ഒരു സംഘം വെട്ടിക്കൊന്ന കേസിൽ സിപിഎം പ്രവർത്തകരെ സിബിഐ കേസിൽ പ്രതികളാക്കിയിരുന്നു.