അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന സിപിഎം നേതാക്കളുടെ ഹർജി തീർപ്പാക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന ഷൂക്കൂറിന്റെ മാതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക അപേക്ഷ നൽകിയത്. സിബിഐയുടെ കുറ്റപത്രത്തിന്റെ കോപ്പി ആത്തികയുടെ അഭിഭാഷകന് നൽകണമെന്ന് കോടതി നിർദേശം നൽകി.
തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ പി ജയരാജനും, ടി വി രാജേഷും ഉൾപ്പടെയുള്ളവരാണ് വിടുതൽ ഹർജി നൽകിയിട്ടുള്ളത്. ഇതിൽ എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്തിക കോടതിയെ സമീപിച്ചത്. കേസ് നടപടികളുടെ ഭാഗമായി പി ജയരാജൻ ഉൾപ്പടെയുള്ളവർ ഇന്ന് സിബിഐ കോടതിയിൽ ഹാജരായിരുന്നു. കേസ് വീണ്ടും അടുത്തമാസം 17 ന് പരിഗണിക്കും.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിനു നേരെ മുസ്ലീംലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു. ടി വി രാജേഷ്, പി ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പോലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിൽ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു. തുടർന്ന് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ആറ് പേരടക്കം 33 പേരാണ് കേസിലെ പ്രതികൾ.