KERALA

താനൂര്‍ കസ്റ്റഡി മരണം സിബിഐ ഏറ്റെടുത്തു; രേഖകള്‍ കൈമാറി, തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും

സിബിഐ കേസ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

ദ ഫോർത്ത്- മലപ്പുറം

താനൂര്‍ കസ്റ്റഡി മരണക്കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനായിരിക്കും ഇനി അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

118 സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 77 രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. താനൂര്‍ പൊലീസ് സ്റ്റേഷനിലേത് ഉള്‍പ്പെടെ ശേഖരിച്ച 12 സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. കുടുംബത്തിന്റെയടക്കം ആവശ്യം പരിഗണിച്ച് ഓഗസ്റ്റ് 9നാണ് കേസ് സിബിഐക്ക് കൈമാറുന്ന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നായിരുന്നു കുടുംബത്തിന്റെ ഭാഷ്യം. താമിര്‍ ജിഫ്രിയുടെ കൊലപാതകത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ള പോലീസുകാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി മഞ്ചേരി ജില്ലാ കോടതി ഈ മാസം 20ന് പരിഗണിക്കും.

താമിര്‍ ജിഫ്രിയുടെ ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മഞ്ചേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മര്‍ദ്ദനവും ശ്വാസകോശത്തില്‍ ഉണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. രാസ പരിശോധനയില്‍ മെതാംഫെറ്റമിന്‍ എന്ന ലഹരിയുടെ സാന്നിധ്യവും താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കണ്ടെത്തുകയുണ്ടായി. ഒന്നിലധികം ക്രൂരമായ മര്‍ദ്ദനമേറ്റുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജാഫ്രി താനൂരിലെ പോലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പുലര്‍ച്ചെ ദേവദാര്‍ മേല്‍പ്പാലത്തില്‍ നിന്നും താമിറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. താനൂരിലെ പോലീസ് കോട്ടേഴ്‌സില്‍ വച്ചാണ് താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ