KERALA

ക്ലാസിനൊപ്പം എന്‍ട്രന്‍സ് കോച്ചിങ്; സംസ്ഥാനത്ത് 22 സ്‌കൂളുകള്‍ക്ക് സി ബി എസ് ഇ നോട്ടിസ്

സമാന്തര അധ്യയനം നടത്തിയെന്ന് കേന്ദ്ര ജിഎസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

അർജുൻ രാജ്

സംസ്ഥാനത്തെ 22 സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ വിശദീകരണം തേടി സി ബി എസ് ഇ നോട്ടിസ്. മുന്‍നിര എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ സമാന്തര അധ്യയനം നടത്തിയെന്ന് കേന്ദ്ര ജിഎസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നികുതി വെട്ടിപ്പ് ഉള്‍പ്പടെയുള്ള ക്രമക്കേടുകളുടെ വിവരങ്ങള്‍ ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം സി ബി എസ് ഇക്ക് കൈമാറിയതിന് പിന്നാലെയാണ് ഏഴ് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് നോട്ടിസ് നല്‍കിയത്. നോട്ടീസ് ലഭിച്ച ഏറ്റവുമധികം സ്‌കൂളുകള്‍ കോട്ടയം ജില്ലയിലാണ്- ഏഴ്. കോഴിക്കോട്ട് അഞ്ച് സ്‌കൂളുകള്‍ക്കും നോട്ടിസ് ലഭിച്ചു.

ചില സ്‌കൂളുകളില്‍ പരിശോധന നടത്തിയ ജി എസ് ടി വിഭാഗം ഗുരുതരമായ ചട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ വിശദാംശങ്ങള്‍ വകുപ്പ് സി ബി എസ് ഇയെ അറിയിച്ചതിനെത്തുടര്‍ന്നാണ് നോട്ടിസ്.

കോച്ചിങ് സെന്ററുകളില്‍ സ്‌ക്രീനിങ് ടെസ്റ്റ് വഴി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പട്ടിക പ്ലസ് വണ്‍ അഡ്മിഷന് മുമ്പ് കോച്ചിങ് സെന്ററുകളില്‍നിന്ന് സ്‌കൂളുകളിലേക്ക് അയയ്ക്കുന്നു

പ്രവേശന പ്രക്രിയ മുതല്‍ തന്നെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നഗ്‌നമായി ലംഘിച്ചിട്ടാണ് കോച്ചിങ് സെന്ററുകളുമായി ധാരണയിലെത്തിയ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളിലെ കുട്ടികള്‍ക്കായാണ് സമാന്തര അധ്യയനം. പല സ്‌കൂളിലും പ്രവേശനം നേടേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്നത് അവിടെ എന്‍ട്രന്‍സ് പരിശീലനം നയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്.

കോച്ചിങ് സെന്ററുകളില്‍ സ്‌ക്രീനിങ് ടെസ്റ്റ് വഴി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പട്ടിക പ്ലസ് വണ്‍ അഡ്മിഷന് മുമ്പ് കോച്ചിങ് സെന്ററുകളില്‍നിന്ന് സ്‌കൂളുകളിലേക്ക് അയയ്ക്കുന്നു. ഇങ്ങനെ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് സി ബി എസ് ഇ സിലബസിന് പുറമെ എന്‍ട്രന്‍സ് കോച്ചിങ്ങും സ്‌കൂളില്‍നിന്ന് ലഭിക്കുന്നു. ഇതിനായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നു. ക്ലാസ് മുറികള്‍, ലൈബ്രറി, മിതമായ നിരക്കിലെ വൈദ്യുതി ഉള്‍പ്പടെയുള്ള സ്‌കൂളിലെ സൗകര്യങ്ങളാണ് ഈ എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

ഇത് സി ബി എസ് ഇയുടെ വിദ്യാഭ്യാസനയത്തിന് എതിരും അഫിലിയേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണ്. നിരവധി ഇനങ്ങളിലായി നികുതി ഒഴിവ് ലഭിക്കുന്ന സ്‌കൂളുകളിലെ സൗകര്യം സ്വകാര്യസ്ഥാപനങ്ങള്‍ നികുതി നല്‍കാതെ ഉപയോഗിക്കുന്നതും നിയമപരമായി തെറ്റാണ്. മറ്റ് സേവനങ്ങള്‍ക്ക് വാണിജ്യനിരക്കിലെ പണം ഒടുക്കുകയും എന്‍ട്രന്‍സ് പരിശീലനം എന്ന സേവനം നല്‍കുന്നതിനുള്ള നികുതി ഫീസിനൊപ്പം ചുമത്തി നല്‍കണമെന്നുമാണ് ജി എസ് ടി വകുപ്പിന്റെ നിര്‍ദേശം.

എന്‍ട്രന്‍സ് കോച്ചിങ് പോലുള്ള സ്‌കൂളുകളിലെ സമാന്തര പഠനം അഫിലിയേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തന്നെ സമ്മതിക്കുന്നു

സ്‌കൂള്‍ പ്രവൃത്തി സമയത്തും ശേഷവും അവധിദിനങ്ങളിലും സ്‌കൂളില്‍വച്ച് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എന്‍ട്രന്‍സ് കോച്ചിങ് നല്‍കുന്ന പ്രവണതയും ആഴ്ചയിലൊരിക്കല്‍ എന്‍ട്രന്‍സ് സിലബസിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന പതിവും വ്യാപകമാണ്. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരമുണ്ടാക്കുന്നുവെന്ന പരാതികള്‍ പല കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ തന്നെ സി ബി എസ് ഇക്ക് ലഭിച്ചിട്ടുണ്ട്.

എന്‍ട്രന്‍സ് കോച്ചിങ് പോലുള്ള സ്‌കൂളുകളിലെ സമാന്തര പഠനം അഫിലിയേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗണ്യമായ വിഭാഗം സ്‌കൂളുകള്‍ ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുമില്ല. പക്ഷേ, ഈ രീതിക്കെതിരെ നിലപാടെടുക്കാന്‍ സംഘടനയുടെ അധികാര സമവാക്യം അനുവദിക്കുന്നുമില്ലെന്ന് ഒരു സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.

നോട്ടിസ് ലഭിച്ച സ്‌കൂളുകളില്‍ പലതും ഇതിനകം മറുപടി ജി എസ് ടി വകുപ്പിന് നല്‍കിയിട്ടുണ്ട്. തങ്ങള്‍ നിയമപ്രകാരമാണ് ക്ലാസുകള്‍ നടത്തുന്നതാണെന്നാണ് സ്‌കൂളുകളുടെ മറുപടി. സ്‌കൂള്‍ മാനേജ്മന്റ് നിയമിച്ച അധ്യാപകര്‍ തന്നെയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ ചട്ടലംഘന ആരോപണം നിലനില്‍ക്കില്ലെന്നുമാണ് മറുപടിയില്‍ വാദമെന്നും അറിയുന്നു. സ്വകാര്യ മാനേജ്‌മെന്റുകളുടെ സ്‌കൂളുകളില്‍ ആരെ അധ്യാപകനായി നിയമിക്കണമെന്ന് മാനേജ്‌മെന്റിന് തീരുമാനിക്കാമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് മറുപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ