KERALA

'അധികാരപരിധിയില്‍ നുഴഞ്ഞുകയറരുത്'; വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയമിച്ച കേരളത്തെ വിമര്‍ശിച്ച് കേന്ദ്രം

വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം

വെബ് ഡെസ്ക്

വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയമാണ്, ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നുഴഞ്ഞുകയറരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മാത്രം അവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന ഏഴാം ഷെഡ്യൂള്‍ ലിസ്റ്റ് ഒന്നില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു കണ്‍കറന്റ് വിഷയമല്ല, ഒരു സംസ്ഥാന വിഷയവുമല്ല. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നാണ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ ജൂലൈ 15-നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. വിദേശകാര്യ മന്ത്രാലയം, എംബസികള്‍, വിദേശ മിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെടട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറെ സഹായിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കേരളം പ്രത്യേക രാജ്യമാണോ എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ, സര്‍ക്കാര്‍ വിശദീകരണവുമായും രംഗത്തെത്തി. സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമന്‍ബില്ല കേന്ദ്രസര്‍വീസിലേക്ക് മടങ്ങിയതിനെത്തുടര്‍ന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു സമൂഹ മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദര്‍ശനത്തെത്തുടര്‍ന്ന് പല പ്രതിനിധികളും കേരളം സന്ദര്‍ശിക്കാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. ഇത്തരം ചര്‍ച്ചകളുടെ എണ്ണം കൂടുന്നതിനാല്‍ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്‌സ്റ്റേണല്‍ കോ-ഓപ്പറേഷന്‍ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രളയ കാലത്ത് വിദേശ ധനസഹായം സ്വീകരിക്കുന്നതിലടക്കം കേരളത്തിന്റെ വിദേശ രാജ്യങ്ങളുമായുള്ള സഹകരണത്തെ കേന്ദ്രം എതിര്‍ത്തിരുന്നു. കുവൈറ്റ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഏകോപനങ്ങള്‍ക്ക് വേണ്ടി കുവൈറ്റിലേക്ക് തിരിച്ച സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്രയും കേന്ദ്രം വിലക്കിയിരുന്നു.

കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍, കൂടുതല്‍ വിദേശ നിക്ഷേപ സാധ്യതകള്‍ തേടുന്നതടക്കമുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് വാസുകിയുടെ നിയമനം വിവാദമായത്.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live