താഴത്തങ്ങാടിയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരത്തില്‍ ജലരാജാവായി നടുഭാഗം ചുണ്ടന്‍. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ വീയപുരം ചുണ്ടനാണ് രണ്ടാമത്. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കഴിഞ്ഞ മത്സരങ്ങില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ആധിപത്യമായിരുന്നെങ്കില്‍, താഴത്തങ്ങാടി സാക്ഷ്യം വഹിച്ചത് നടുഭാഗത്തിന്റെ കുതിപ്പിനാണ്. യുബിസി കൈനകരിയുടെ തുഴക്കാര്‍ നടുഭാഗത്തിന്റെ കുതിപ്പിന് ശരവേഗം നല്‍കി. തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ വീയപുരത്തെ പിന്നിലാക്കിയാണ് നടുഭാഗം കരുത്ത് കാട്ടിയത്.
നവംബര്‍ 14 ന് ആലപ്പുഴയിലെ പുളിങ്കുന്നിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആറാം മത്സരം. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപനം കുറിക്കുക.