KERALA

ഓളപ്പരപ്പിൽ ഇനി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആവേശം; ഉദ്ഘാടനം നാളെ

നാളെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന സിബിഎല്‍ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിക്കും

വെബ് ഡെസ്ക്

ഓളപ്പരപ്പിനെ ആവേശത്തിലാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് കൊച്ചി കായലില്‍ നാളെ തുടക്കമാകും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന സിബിഎല്‍ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിക്കും. ഒന്‍പത് ചുണ്ടന്‍വളളങ്ങളാണ് മത്സരിക്കുന്നത്.

ഒന്‍പത് ചുണ്ടന്‍ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും ചേര്‍ത്ത് കൊച്ചി കായലില്‍ നടക്കുന്ന സിബിഎല്‍, ജലോത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. അബ്ദുള്‍ കലാം മാര്‍ഗില്‍ അബാദ് ഫ്‌ളാറ്റിനടുത്തുള്ള പോലീസ് എയ്ഡ്‌പോസ്റ്റ് മുതല്‍ മറൈന്‍ ഡ്രൈവിലെ ധനലക്ഷ്മി ബാങ്കിന് എതിര്‍വശത്തുള്ള ജിസിഡിഎ പാര്‍ക്കിങ്ങിന് സമീപമുള്ള ബോട്ട് ജെട്ടി വരെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്.

വള്ളംകളിയുമായി ബന്ധപ്പെട്ട കൊച്ചി കായലില്‍ നടക്കുന്ന ട്രഞ്ചിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. മത്സരത്തിന്റെ ആദ്യാവസാനം വരെ ഫയര്‍ഫോഴ്‌സ്, ആരോഗ്യ വിഭാഗം, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.

ചുണ്ടന്‍ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും കല- സാഹസിക പരിപാടികളുടെ അകമ്പടിയോടെയും മത്സരത്തിന് തുടക്കം കുറിക്കും. വാട്ടര്‍ സ്‌കീയിങ്ങ് പോലുള്ള അഭ്യാസമുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. തുടര്‍ന്നാണ് ചുണ്ടന്‍ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്‌സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളില്‍ അഭ്യാസ പ്രകടനങ്ങളും ചെറുവള്ളങ്ങളുടെ മത്സരവും സാംസ്‌കാരിക പരിപാടികളും നടക്കും.

കേരളത്തിന്റെ പൈതൃകമായ പരമ്പരാഗത വള്ളംകളിയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടാതെ ലോക ടൂറിസം ഭൂപടത്തില്‍ അവതരിപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വിനോദ സഞ്ചാര വകുപ്പ്, ഐപിഎല്‍ മാതൃകയില്‍ ചാംപ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആരംഭിച്ചത്.

ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരത്തിന്റെ അവേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ദ ഫോര്‍ത്തും ഒരുങ്ങിക്കഴിഞ്ഞു. യൂട്യൂബ് ഫേസ്ബുക്ക് പേജുകളില്‍ ഉച്ചയ്ക്ക് 2 മണി മുതൽ മത്സരം തത്സമയം കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ