സംസ്ഥാനത്ത് തുലാവര്‍ഷ പെയ്ത്ത് ശക്തമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നും ഇന്ന് വ്യാപക പെയ്ത്ത് ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ അധികം വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സര്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത 72 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ദാന ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കേരളത്തില്‍ മഴ ശക്തമാക്കിയതെന്നാണ് നിഗമനം. അതേസമയം തീരം തൊട്ട ദാന ചുഴലിക്കാറ്റ് ഇതതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയിട്ടില്ല.
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെട്ടു. എറണാകുളം പറവൂരിലാണ് മരണം രേഖപ്പെടുതര്തിയത്. ഇവിടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ അടിയൊഴുക്കിനെത്തുടര്‍ന്ന് പുഴയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന വയോധികനാണ് മുങ്ങിമരിച്ചത്.