സംസ്ഥാനത്ത് വേനല്‍ കടുത്ത് നില്‍ക്കുമ്പോഴും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ കോട്ടയം ജില്ലകളില്‍ മാത്രമാണ് നിലവില്‍ സാധാരണ ഗതിയില്‍ ലഭിക്കേണ്ട വേനല്‍ മഴ പെയ്തിറങ്ങിയത്
യെല്ലോ അലര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയില്‍ ഈ വര്‍ഷം വലിയ കുറവ് സംഭവിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ കോട്ടയം ജില്ലകളില്‍ മാത്രമാണ് നിലവില്‍ സാധാരണ ഗതിയില്‍ ലഭിക്കേണ്ട വേനല്‍ മഴ പെയ്തിറങ്ങിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യഥാക്രമം മൈനസ് 96, 65 ശതമാനം മഴക്കുറവാണ് രേഖപ്പെട്ടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ മൈനസ് 59 ശതമാനം മഴക്കുറവ്.
അതേസമയം, സംസ്ഥാനത്തെ അന്തരീക്ഷ ആര്‍ദ്രത 50-60 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വിവിധ ജില്ലകളില്‍ അന്തരീക്ഷ താപനില രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.