കിളിമാനൂർ മുളക്കലത്ത് കാവ് തോപ്പിൽ താമസിക്കുന്ന ചന്ദ്രന്റെയും അമ്മയുടെയും നരകതുല്യമായ ജീവിതത്തിന്റെ കഥയാണിത്. യുവാവ് ആയിരുന്നപ്പോൾ നാട്ടിൽ വച്ചുണ്ടായ സംഘർഷത്തിൽ അടിയേറ്റ് കിടപ്പിലായതായിരുന്നു ചന്ദ്രൻ. ഇപ്പോൾ വയസ് 52. ജാതിവിവേചനം തന്റെ ജീവിതം ഇരുട്ടിലാക്കിയെന്നും ഇരുപത് വർഷമായി വീട്ടിലെ ഒറ്റമുറിയിൽ ലോകം കാണതെ ജീവിക്കുകയാണെന്നും ചന്ദ്രൻ പറയുന്നു. നിലവിൽ തന്നെ കിടപ്പിലാക്കിയത് ജാതിപ്രശ്നമാണ്. ഇപ്പോൾ ജീവിതം വഴിമുട്ടിക്കുന്നതും മാറ്റമില്ലാതെ തുടരുന്ന ജാതിവിവേചനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കിടപ്പിലായ തന്നെ ശുശ്രൂഷിക്കുന്നത് 80 വയസ് പ്രായമുള്ള അമ്മയാണ്. ഇപ്പോൾ ഇരുവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വഴിയാണ്. വീട്ടിൽ നിന്ന് ആശുപത്രിയിലും മറ്റിടങ്ങളിലും പോകാൻ സുരക്ഷിതമായ വഴിയില്ല. വീടിനോട് ചേർന്നുള്ള വഴി സഞ്ചാരയോഗ്യമല്ലെന്നും പറയുന്നു. വർഷങ്ങളായി നിവേദനവും അപേക്ഷയും നൽകി പിന്നാലെ നടന്നിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും അടിസ്ഥാനം ജാതീയതയാണെന്നും ചന്ദ്രനും അമ്മയും ആരോപിക്കുന്നു.