പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് കുതിച്ചത് ഇടത് കോട്ടകളെല്ലാം തകർത്ത്. എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മനാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെയും മന്ത്രി വി എൻ വാസവന്റെയും ബൂത്തുകളില്‍ ഉൾപ്പെടെ മികച്ച ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം.
വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിങ്ങനെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിൽ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. മറ്റ് ആറ് പഞ്ചായത്തുകളിലും എന്‍ഡിഎഫ് ഭരണമാണ്. എല്ലാ റൗണ്ടുകളിലും ലീഡ് നേടിക്കൊണ്ട്, ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷ റെക്കോർഡും ചാണ്ടി ഉമ്മൻ തിരുത്തിക്കുറിച്ചു.
ആദ്യ റൗണ്ടിൽ 2816 വോട്ടുകൾക്ക് ലീഡ് നേടിയ ചാണ്ടി ഉമ്മൻ, രണ്ടാം റൗണ്ടിൽ 2671 വോട്ടുകൾക്കും മൂന്നാം റൗണ്ടിൽ 2911 വോട്ടുകൾക്കും നാലാം റൗണ്ടിൽ 2962 വോട്ടുകൾക്കും ലീഡ് ചെയ്തു. 2989, 2515, 2767, 2949 എന്നിങ്ങനെയാണ് അഞ്ച് മുതൽ എട്ട് വരെയുള്ള റൗണ്ടുകളിലെ ചാണ്ടിയുടെ ലീഡ്.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി 52 വർഷം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ, ചാണ്ടി ഉമ്മന് വിജയ സാധ്യത വളരെ കൂടുതൽ ആയിരുന്നെങ്കിലും, ഇതിനിടയിൽ പല വിവാദങ്ങളും വന്നിരുന്നു. ഈ വിവാദങ്ങളുടെ ഒക്കെ മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വി എൻ വാസവന്റെ പഞ്ചായത്തായ പാമ്പാടിയിലും ജെയ്ക്കിന്റെ മണർക്കാടും ഉൾപ്പെടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെയ്ക്ക് വലിയ മുന്നേറ്റം നേടിയ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷമാണ് നേടിത്.
പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക്ക് തോറ്റിരുന്നു. രണ്ട് തവണ അച്ഛനോട് മത്സരിച്ച ശേഷം ജെയ്ക്ക് മകനോട് മത്സരിച്ചുവെന്ന പ്രത്യേകതയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.