നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തീയതി നിയമസഭാ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാകും സത്യപ്രതിജ്ഞ. രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.
ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. എൻഡിഎയുടെ ലിജിൽ ലാലിന് 6558 വോട്ട് മാത്രമേ നേടാനായുള്ളൂ. ഉപതിരഞ്ഞെടുപ്പിലൂടെ കന്നിവിജയം സ്വന്തമാക്കിയവരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷമെന്ന് റെക്കോർഡും ചാണ്ടി ഉമ്മന് സ്വന്തമായി. ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി ചാണ്ടി ഉമ്മന്‍ മാറി. സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ നിയമസഭയിൽ അംഗത്വത്തിൽ മാറ്റമില്ല. എല്‍ഡിഎഫ് 99, യുഡിഎഫ് 41 എന്ന നിലയിൽതന്നെ തുടരും.
പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലും ആധിപത്യം പുലർത്തിയാണ് ചാണ്ടി ഉമ്മന്റെ വിജയം. 182 ബൂത്തുകളിൽ ഒന്നിൽമാത്രമാണ് ജെയ്ക്കിന് ഭൂരിപക്ഷമുണ്ടായിരുന്നത്. മീനടം പഞ്ചായത്തിലെ 153-ാം ബൂത്തിൽ 15 വോട്ടിന് നേടിയ ഭൂരിപക്ഷമായിരുന്നു ഇത്.