കീഴ്‌ക്കോടതികളിലെ വനിതാ ജഡ്ജിമാർക്ക് സാരിക്ക് പുറമെ സൽവാർ കമ്മിസോ അല്ലെങ്കിൽ പാന്റും ഷർട്ടുമോ ധരിക്കാമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജിമാർ നൽകിയ നിവേദനം പരിഗണിച്ചാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
1970 ഒക്ടോബർ ഒന്നിനാണ് പഴയ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇതുപ്രകാരം കറുത്ത ബ്ലൗസും വെളുത്ത സാരിയുമാണ് വനിതാ ജഡ്ജിമാരുടെ നിലവിലെ യൂണിഫോം. ഇതേ നിറത്തിലുള്ള സൽവാർ കമ്മീസോ ഷർട്ടും പാന്റുമോ ധരിക്കാമെന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്.
സാരിയും ബ്ലൗസും ധരിച്ച് വേനൽക്കാലത്ത് ജോലി ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും കാലാവസ്ഥ മാറിയ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തണമെന്നുമായിരുന്നു വനിതാ ജഡ്ജിമാരുടെ ആവശ്യം.
വെളുത്ത നിറമുള്ള ഹൈ നെക്ക്/കോളർ സൽവാൽ, കറുത്ത നിറമുള്ള കമ്മീസ്, കറുത്ത ഫുൾ സ്‌ളീവ് കോട്ട്, നെക്ക് ബാൻഡ്, കറുത്ത ഗൗൺ എന്നിവ ഉൾപ്പെട്ട വേഷം ധരിക്കാമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
അതുപോലെ, വെളുത്ത നിറമുള്ള ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത നിറമുള്ള മുഴുനീള പാവാട/പാന്റ്‌സ്, കറുത്ത ഫുൾ സ്‌ളീവ് കോട്ട്, നെക്ക് ബാൻഡ്, കറുത്ത ഗൗൺ എന്നിവയും ധരിക്കാം.