KERALA

'റാങ്കിൽ വന്ന വ്യത്യാസം ബാധിക്കില്ല'; ആർബിഐ നടപടിയിൽ ആശങ്ക വേണ്ട, കഴിഞ്ഞ വർഷത്തെ ലാഭം 209 കോടി രൂപയെന്ന് കേരള ബാങ്ക്

അടുത്ത സാമ്പത്തിക വർഷം (2024 - 2025) മുതൽ ബാങ്കിന്റെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് കാർഷിക മേഖലയിലായിരിക്കണമെന്നാണ് തീരുമാനമെന്നും ബാങ്ക് അറിയിക്കുന്നു.

വെബ് ഡെസ്ക്

കേരള ബാങ്കിനെ തരംതാഴ്ത്തിയ ആർബിഐ നടപടി ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ വാർത്തകൂറിപ്പിൽ അറിയിച്ചു. റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയ സമിതിയെന്ന നിലയിൽ നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ റാങ്കിങ് 'ബി'യിൽ നിന്ന് 'സി'യിലേക്ക് റിസർവ് ബാങ്ക് മാറ്റിയത്. ഈ മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കില്ലെന്നും, ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകളുടെയും മോർട്ട്ഗേജ് വായ്പകളുടെയും പരമാവധി പരിധി 40 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയാക്കി കുറയ്ക്കുകയാണുണ്ടായതെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കിന് ആകെയുള്ള 48000 കോടി രൂപയുടെ വായ്പയിൽ കേവലം 3 ശതമാനം മാത്രമാണ് വ്യക്തിഗത, മോർട്ടഗേജ് വായ്പകൾ വരുന്നത്. അതുകൊണ്ടു തന്നെ ബാങ്കിന്റെ നിക്ഷേപത്തെയോ പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭക വായ്പ, ഭവന വായ്പ എന്നിവയോ ഈ നിർദേശം ബാധിക്കില്ല എന്നും ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പദ്ധതിയുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പ പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപവരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ടെന്നും ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഓരോ വർഷവും നബാർഡ് നടത്തുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള നിർദേശങ്ങളുണ്ടാകാറുണ്ടെന്നും, 2022-2023 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഈ സാമ്പത്തിക വർഷം (2023-2024) നികത്താൻ ബാങ്കിന് സാധിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വർഷം 209 കോടി രൂപയുടെ അറ്റലാഭം നേടിയ ബാങ്ക് 2024-2025 സാമ്പത്തിക വർഷം ഊന്നൽ നൽകുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വായ്പാവിതരണം വർധിപ്പിക്കുന്നതിനാണെന്നും വാർത്താകുറിപ്പിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷം (2024 - 2025) മുതൽ ബാങ്കിന്റെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് (33 ശതമാനം) കാർഷിക മേഖലയിലായിരിക്കണമെന്നാണ് തീരുമാനമെന്നും ബാങ്ക് അറിയിക്കുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം