സ്‌കൂൾ സമയമാറ്റ നീക്കത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. സമയമാറ്റം നടപ്പാക്കിയാൽ മതവിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്തയ്ക്ക് പിന്നാലെ ലീഗ് രംഗത്തെത്തിയത്. തീരുമാനം എടുക്കും മുന്‍പ് സര്‍ക്കാര്‍ മത നേതാക്കളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചർച്ച നടത്താൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ കേരളത്തിലെ മത വിദ്യാഭ്യാസ രംഗത്തുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ മുസ്ലിം മതസംഘടനകളുടെ നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ലീഗ് വ്യക്തമാക്കി.
ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ നേരത്തെ സമസ്ത രംഗത്ത് വന്നിരുന്നു. സ്‌കൂൾ സമയം രാവിലെ എട്ട് മണി മുതലാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസാപഠനത്തെ ബാധിക്കുമെന്നാണ് സമസ്തയുടെ നിലപാട്. ശുപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്കൂള്‍ സമയക്രമം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മതസംഘടനകള്‍ അല്ലെന്ന് ബിജെപി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ സമയം വിദഗ്ധരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിനാൽ സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണി വരെയാക്കി മാറ്റണമെന്നുമാണ് ഖാദർ കമ്മറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശ.