സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യം ചരിത്രനിഷേധമാണെന്ന് കവി കല്‍പ്പറ്റ നാരായണന്‍. പേര് മാറ്റുന്നതിലൂടെ സ്ഥലത്തിന്റെ സ്വത്വമാണ് നഷ്ടമാകുകയെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കല്‍പ്പറ്റ നാരായണന്‍.
"സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യം യഥാര്‍ത്ഥത്തില്‍ ഒരു പ്രദേശത്തിന്റെ ചരിത്രം മായ്ചുകളയാനുള്ള നീക്കത്തിന്റെ ഭാഗമായി ഉന്നയിക്കുന്നതാണ്. ഒരു വ്യക്തിയുടെ പേര് മാറ്റിയാല്‍ അയാളുടെ സ്വത്വം മുഴുവന്‍ റദ്ദാക്കപ്പെടും. അതുവരെ അയാള്‍ ജീവിച്ചിരുന്ന ജീവിതം മുഴുവന്‍ അപ്രസക്തമാക്കപ്പെടും. അതുപോലെ ഒരു പ്രദേശത്തിന്റെ പേര് അത് പങ്കിടുന്ന ആളുകളുടെ മുഴുവന്‍ ആധാരമാണ്. ഈ ആധാരമാണ് ഇല്ലാതാകുന്നത്,'' കൽപ്പറ്റ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി എന്ന പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പേരാണ്. ഒരുപാട് ആളുകളെ സംബന്ധിച്ചിടത്തോളം അത് പ്രധാനപ്പെട്ട ഐഡന്റിറ്റിയാണ്. അതിനുപകരമായി ഒരു പേര് നിര്‍ദേശിക്കുകയാണെങ്കില്‍ അതിന് അതിന്റെ പരിധിയിലുള്ള മുഴുവന്‍ ആളുകളുടെയും സമ്മതം മാത്രം പോരാ, അത് ഓര്‍മയായിരിക്കുന്ന, അത് ഐഡന്റിറ്റി ആയി സ്വീകരിച്ച ലോകത്തെ മുഴുവന്‍ ആളുകളുടെയും സമ്മതം കിട്ടേണ്ടതുണ്ട്. അതിനുശേഷം മാത്രമേ പേര് തിരസ്‌ക്കരിക്കാന്‍ പറ്റൂ. അതിന്റെ വേര് ലോകാസകലം വ്യാപിച്ചുകിടക്കുന്നു എന്നതുകൊണ്ടാണിത്.
ഗണപതിവട്ടം എന്നൊക്കെ പറഞ്ഞാല്‍ ഗണപതി ക്ഷേത്രത്തിനു ചുറ്റുമുള്ള വട്ടമാണ്. അവിടുത്തുകാര്‍, അതിനു ചുറ്റും താമസിക്കുന്നവര്‍ പോലും അവരുടെ ഐഡന്റിറ്റി ആയി കണ്ടിട്ടുള്ളത് ബത്തേരിയെന്ന സ്ഥലപ്പേരാണ്.
ഒരാളും ഗണപതിവട്ടത്തിലേക്കു പോയി ഒരു കാര്യവും സാധിക്കാറില്ല. ഗണപതി വട്ടം ഒരു റഫറന്‍സല്ല. അങ്ങനെ റഫറന്‍സല്ലാത്ത ഒന്നിനെ റഫറന്‍സായി കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പുതിയ മനുഷ്യന്‍ ഉണ്ട്. അങ്ങനെയുള്ള പുതിയ മനുഷ്യന്‍ കേവല ഹിന്ദു മാത്രമാണ്. ഗണപതിയെ ആരാധിക്കുന്ന ആള്‍ മാത്രമാണ്. അതിന്റെ വ്യാപ്തിയോടെയല്ല, സങ്കുചിതമായ അര്‍ത്ഥത്തില്‍.
അങ്ങനെ ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമാക്കുമ്പോള്‍ അതിന്റെ ഓര്‍മ്മയില്ലാതാവുകുയും ചരിത്രമില്ലാതാവുകയും ചെയ്യുന്നു. അതിന്റെ സ്വത്വം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അങ്ങനെ ചെറിയ അസ്ഥികൂടമെന്ന് പോലും പറയാന്‍ കഴിയാതെ ചെറിയ മുദ്രയെ മുഴുവന്‍ ആക്കി മാറ്റുന്ന പ്രവണതയാണ് ഇത്. അത് വലിയ ജനനിഷേധമാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.