KERALA

ചേകന്നൂര്‍ കേസ്: 'തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന', കെമാല്‍ പാഷക്കെതിരെ കാന്തപുരം; നിഷേധിച്ച് മുൻ ജസ്റ്റിസ്

'വിശ്വാസപൂര്‍വം' എന്ന ആത്മകഥയിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വെളിപ്പെടുത്തല്‍

ദ ഫോർത്ത് - തിരുവനന്തപുരം

ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ആരോപണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രകാശനം ചെയ്ത കാന്തപുരത്തിന്റെ ആത്മകഥ 'വിശ്വാസപൂര്‍വം' ത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസില്‍ പ്രതിയാക്കാന്‍ തനിക്കെതിരെ സിബിഐ സ്‌പെഷ്യല്‍ ജഡ്ജിയായിരുന്ന കെമാല്‍ പാഷ ഗൂഢാലോചന നടത്തി. തൃശൂരില്‍ തുടങ്ങാനിരുന്ന കമാലിയ്യ മെഡിക്കല്‍ കോളേജ് സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും ആത്മകഥയിൽ ആരോപിക്കുന്നു.

''സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായി കെമാല്‍ പാഷ നിയമിതനായശേഷമായിരുന്നു തന്നെ കേസില്‍ പ്രതിചേര്‍ക്കുന്നത്. വിചാരണ തുടങ്ങിയ കേസിലെ അത്യപൂര്‍വ നീക്കമായിട്ടാണ് അന്നു തന്നെ എല്ലാവരും വിലയിരുത്തിയിരുന്നത്. പിന്നീടാണ് ഗൂഢാലോചന തെളിഞ്ഞത്. മര്‍ക്കസിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളേജ് തട്ടിയെടുക്കാന്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ വ്യാജ രേഖകള്‍ ഉണ്ടാക്കി. മര്‍ക്കസിന്റെ കീഴിലെ ഇമാം റാസി എജ്യുക്കേഷണല്‍ ട്രസ്റ്റിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും വി വി അബൂബക്കര്‍ ഹാദി ചാവക്കാട് സെക്രട്ടറിയായുമാണ് വ്യാജരേഖ ഉണ്ടാക്കിയത്. ഈ ട്രസ്റ്റില്‍ കെമാല്‍ പാഷയും അംഗമായിരുന്നു,'' പുസ്തകത്തിൽ പറയുന്നു.

സുന്നി വിഭാഗത്തിന്റെ മെഡിക്കല്‍ കോളേജ് സ്വന്തമാക്കുകയെന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു നീക്കമെന്നും ആത്മകഥയില്‍ കാന്തപുരം ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് തട്ടിയെടുക്കുന്നതിനൊപ്പം, തന്നെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യവും കെമാല്‍ പാഷയ്ക്കുണ്ടായിരുന്നുവെന്ന സംശയം അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കി. കെമാല്‍ പാഷയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ഹൈക്കോടതി നടത്തിയിരുന്നു. തെളിവില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനമെന്തെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. വിമര്‍ശനത്തെ തുടര്‍ന്ന് കെമാല്‍ പാഷ സിബിഐ ജഡ്ജി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

കേസിന്റെ പേരില്‍ പതിറ്റാണ്ടിലധികമാണ് തന്നെയും പ്രസ്ഥാനത്തെയും വേട്ടയാടിയത്. ഇപ്പോഴും ചേകന്നൂര്‍ കേസ് പറയുമ്പോള്‍ ചിലര്‍ക്ക് എന്റെ പേര് കൂടി ചേര്‍ത്ത് പറയണം എന്ന വാശിയാണ്. ചേകന്നൂര്‍ കേസില്‍ പിടിച്ച് എന്നെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാനുള്ള പരിശ്രമം നടന്നു. കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാല്‍ മര്‍ക്കസില്‍ വന്നത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നു പ്രചാരണം നടത്തി. എന്നാല്‍ കേന്ദ്രമന്ത്രി മര്‍ക്കസില്‍ എത്തി തിരികെ പോയ ശേഷമാണ് തന്നെ കേസില്‍ പ്രതിയാക്കിയത്.

മുസ്ലിം വൈജ്ഞാനികരംഗത്തെ ഏതെങ്കിലും തരത്തില്‍ നവീകരിക്കാന്‍ ശ്രമിച്ച ആളാണ് ചേകന്നൂര്‍ മൗലവിയെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതിനാല്‍ തന്നെ ചേകന്നൂര്‍ മൗലവിയെ 1960കളില്‍ തന്നെ സുന്നികളുടെ ആലോചനയില്‍ നിന്ന് തന്നെ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ മുജാഹിദുകളുമായുള്ള ചേകന്നൂരിന്റെ ബന്ധം ദിവസം കഴിയുന്തോറും വഷളായി വന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ചേകന്നൂര്‍ മൗലവിയെ വിഷപ്പാമ്പിനെപോലെ തല്ലി കൊല്ലണമെന്ന് മുജാഹിദ് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. തന്നെ മുജാഹിദുകള്‍ കൊല്ലുമെന്ന് അരിക്കോട് വച്ച് പരസ്യമായി ചേകന്നൂര്‍ മൗലവിയും പറഞ്ഞിട്ടുണ്ട്. പല മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും എന്നെ പ്രതിചേര്‍ക്കുക എന്ന ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നെയും നേതൃത്വത്തെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാനുള്ള പരിശ്രമമായി കേസ് അന്വേഷണം മാറിയെന്നും ആത്മകഥയില്‍ കാന്തപുരം ആരോപിക്കുന്നു.

1993 ലാണ് ചേകന്നൂര്‍ മൗലവിയെ കാണാതാകുന്നത്. വീട്ടിലെത്തിയ സംഘം മൗലവിലെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യ കേസ്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു. ശ്വാസംമുട്ടിച്ച് മൗലവിയെ കൊന്നെന്നായിരുന്നു സിബിഐ നിഗമനം. കാന്തപുരം ജനറല്‍ സെക്രട്ടറിയായിരുന്ന മര്‍ക്കസിലെ പൂര്‍വ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ കോടതിയായിരുന്നു കാന്തപുരത്തെ പ്രതിചേര്‍ക്കുന്നത്. കേസിലെ പ്രതികളെ പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വെറുതെ വിട്ടിരുന്നു. വര്‍ഷങ്ങളോളം ചര്‍ച്ചയായ കേസിലാണ് ഇപ്പോള്‍ ആത്മകഥയിലുടെ കാന്തപുരം തനിക്കെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയും മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.

അതേസമയം, ക്രിമിനല്‍ നടപടി ചട്ടം 319 പ്രകാരം കാന്തപുരം മുസലിയാര്‍ക്കെതിരേ വ്യക്തമായ ആരോപണങ്ങള്‍ ഉള്ളതിനാലാണ് താന്‍ സിബിഐ ജഡ്ജി ആയിരിക്കെ കേസില്‍ പ്രതിചേര്‍ത്തതെന്ന് കെമാല്‍ പാഷ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അതില്‍ യാതൊരു ഗൂഢാലോചനയും ഉണ്ടായിരുന്നില്ല. എന്നാല്‍, സാക്ഷികളെ വിചാരണ ചെയ്യാതെ കാന്തപുരത്തെ പ്രതിയാക്കരുതെന്ന വിചിത്രവിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇത് തെറ്റാണെന്ന് പിന്നീട് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. താന്‍ അംഗമല്ലാത്ത ഒരു ട്രിസ്റ്റിന്റെ പേരില്‍ കള്ളക്കേസുകള്‍ കൊടുക്കുകയും അത് കള്ളമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. പിന്നീടും നിരന്തരം കള്ളക്കേസുകള്‍ തുടര്‍ന്നതിനാല്‍ മുതിര്‍ന്ന ജസ്റ്റിസുമാരുടെ ഉപദേശത്താലാണ് താന്‍ കേസില്‍ നിന്ന് പിന്മാറിയതെന്നും കെമാല്‍ പാഷ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ