ഹിന്ദി നിർബന്ധമാക്കാനുള്ള പാർലമെന്‍ററി സമിതിയുടെ നിർദേശത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമ്പൂർണ്ണ ഹിന്ദി സാക്ഷരത എന്ന നേട്ടം കൈവരിക്കാൻ തീവ്ര പരിശീലനത്തിലാണ് കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ തനത് പദ്ധതിയിൽപ്പെടുത്തിയാണ് 21 വാർഡുകളിലും ഹിന്ദി സാക്ഷരതാ യജ്ഞം പുരോഗമിക്കുന്നത്.
എന്തുകൊണ്ട് ഹിന്ദി പഠിക്കുന്നുവെന്ന ചോദ്യത്തിന് ഇവർക്ക് വ്യക്തമായ മറുപടിയുണ്ട്. "ഇതര സംസ്ഥാന തൊഴിലാളികൾ ആണ് എല്ലായിടത്തും ജോലിക്കാരായി ഉള്ളത്. കടയിൽ പോയി ഒരു സാധനം വാങ്ങണം എന്നുണ്ടെങ്കിൽ ഹിന്ദി അറിയേണ്ട അവസ്ഥയാണ്.''
ഹിന്ദി നിർബന്ധമാക്കാനുള്ള പാർലമെന്‍ററി സമിതിയുടെ നിർദേശത്തിനെതിരെ കേരളവും തമിഴ്നാടും പ്രതിഷേധവുമായി എത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു ഭാഷ പഠിക്കുന്നത് ഗുണമല്ലാതെ ദോഷം ഉണ്ടാക്കില്ലെന്ന് പഠിതാക്കളുടെ മറുപടി.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ പദ്ധതിയിൽപ്പെടുത്തിയാണ് ഹിന്ദി പഠിപ്പിക്കാൻ തുടങ്ങിയത്. ഹിന്ദി നിർബന്ധമാക്കുന്നതും തങ്ങളുടെ പദ്ധതിയെയും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പിപി നൗഷീർ പറയുന്നു. രാജ്യത്തെ സമ്പൂർണ്ണ ഹിന്ദി സാക്ഷരതയുള്ള പഞ്ചായത്ത് എന്ന പ്രഖ്യാപനം 2023 ലെ റിപ്പബ്ലിക് ദിനത്തിൽ നടത്താനാണ് ഇവരുടെ നീക്കം