അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു യഥാര്‍ത്ഥ സംഭവമാണ്. കേരളത്തിന്റെ ആദ്യ മന:ശാസ്ത്ര മാഗസിന്റെ പ്രകാശന ചടങ്ങിലേക്കുള്ള യാത്രയിലാണ് ഉദ്ഘാടകനായ എം ടി വാസുദേവന്‍ നായര്‍. മാഗസിന്റെ എല്ലാമെല്ലാമായ ചെലവൂര്‍ വേണുവിനോട്, ഇറങ്ങാനിരിക്കുന്ന മാഗസിനെക്കുറിച്ച് എം.ടി ന്യായമായൊരു സംശയം ചോദിച്ചു, ''മാതൃഭൂമി ആഴ്ചപതിപ്പിന് 20 പൈസയേ ഉള്ളൂ... അപ്പോള്‍ 50 പൈസയുള്ള ഈ ഇറങ്ങാന്‍ പോകുന്ന മാഗസിന്‍ ആരെങ്കിലും വാങ്ങുമോ?'' ''ഞങ്ങള്‍ക്കേതായാലും പരസ്യമൊന്നും കിട്ടാന്‍ പോകുന്നില്ല, അച്ചടികൂലിയെങ്കിലും കിട്ടണ്ടേ...''എന്നായിരുന്നു ചിരിച്ചുകൊണ്ട് വേണുവിന്റെ മറുപടി.
1969ല്‍ എം ടി പ്രകാശനം ചെയ്ത ആ മാഗസിന്റെ പേരാണ് 'സൈക്കോ', കേരളത്തിലെ ആദ്യ മന:ശാസ്ത്ര മാഗസിൻ. പേര് പോലെ തന്നെ ഉള്ളടക്കത്തിലും പുറംചട്ടയിലുമെല്ലാം അടിമുടി വ്യത്യസ്തത പുലര്‍ത്തിയ മാഗസിന്‍. മന:ശാസ്ത്ര ലേഖനങ്ങളും പംക്തികളും കൈകാര്യം ചെയ്ത ഈ രംഗത്തെ ആദ്യ പരീക്ഷണ പ്രസിദ്ധീകരണമായിരുന്ന 'സൈക്കോ' അന്‍പതാണ്ടിനിപ്പുറം തിരിച്ചുവരവിനൊരുങ്ങുകയാണ്.
എം ടിയുടെ ആശങ്ക പോലെയായിരുന്നില്ല കാര്യങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന കവറാണ് സൈക്കോയിലേക്ക് വായനക്കാരെ എത്തിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളില്‍ പുനലൂര്‍ രാജന്‍ എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അയഥാര്‍ത്ഥ ചിത്രങ്ങളെന്നു തോന്നുന്ന കാഴ്ചകൾ പുറം നോട്ടത്തിലും അന്തരിച്ച പ്രശസ്ത മനോരോഗവിദഗ്ദന്‍മാരായ ഡോ. എസ് ശാന്തകുമാര്‍, ഡോ. പ്രഭാകരന്‍, ഡോ. ജയന്‍, എന്നിവരുടെ ലേഖനങ്ങൾ ഉള്ളടക്കത്തിലും സൈക്കോയുടെ ആകര്‍ഷണമായി. മാനസികവിദഗ്ദരോട് ചോദിക്കാമെന്ന പംക്തിയിലേക്ക് സാധാരണ മനുഷ്യരുടെ നിരവധി ചോദ്യങ്ങളും ആശങ്കകളും സങ്കടങ്ങളുമാണ് ഒഴുകിയെത്തിയത്. അതിനുള്ള ഉത്തരങ്ങള്‍ക്കായി വായനക്കാര്‍ കാത്തിരുന്ന നാളുകളുണ്ടെന്ന് വേണുവേട്ടന്‍ പറയുന്നു.
കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പ്രണയകാലത്തെ മനസ്, പഠനവൈകല്യങ്ങള്‍, സ്ത്രീകളുടെ മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാമാണ് സൈക്കോ കൈകാര്യം ചെയ്തത്. ലോകത്ത് എന്തെങ്കിലും പ്രശ്‌നമില്ലാത്ത ഒരൊറ്റ മനുഷ്യരുമുണ്ടാവില്ലെന്ന ചിന്തയില്‍നിന്നാണ് സൈക്കോ മാഗസിന്‍ ആരംഭിച്ചതെന്ന് ചെലവൂര്‍ വേണു പറയുന്നു. പ്രശസ്ത മനോരോഗവിദഗ്ദന്‍ ഡോ. കെ എ കുമാര്‍, കേരളസര്‍വകലാശാലയിലെ ഡോ. വി ജോര്‍ജ് മാത്യു എന്നിവരെല്ലാം അക്കാലത്ത് മാഗസിനായി വേണുവേട്ടനെ സഹായിച്ചവരാണ്. അന്ന് വിദ്യാര്‍ഥിയായിരുന്ന ഇന്നത്തെ എഴുത്തുകാരന്‍ പോള്‍ സക്കറിയ സൈക്കോയുടെ ഭാഗമായിരുന്നു.
അശ്വിനി ഫിലിം സൊസൈറ്റി രൂപീകരിച്ച് സമാന്തര സിനിമാസ്വപ്‌നങ്ങള്‍ക്ക് പിറകെ വേണുവേട്ടന്‍ നടന്നപ്പോള്‍ സൈക്കോയുടെ താളം ഇടയ്‌ക്കൊക്കെ തെറ്റി. പക്ഷേ അതിനിടയിലും 'സൈക്കോ' വേണുവേട്ടന്റെ കൂട്ടുകാരുടെ സഹായത്തോടെ വായനക്കാരെ തേടിയെത്തി. ഒടുവില്‍ 2011ഓടെയാണ് പൂര്‍ണമായും പ്രസിദ്ധീകരണം നിലച്ചത്.
ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകളിലെ അമ്പരപ്പില്‍നിന്നാണ് മുന്‍പത്തേക്കാള്‍ സൈക്കോയ്ക്ക് പ്രസക്തിയുണ്ടായതെന്ന തോന്നലുണ്ടാക്കിയതെന്ന് വേണുവേട്ടന്‍ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ പ്രശ്‌നങ്ങളും കൊലപാതകവും, പ്രണയക്കൊല, കുഞ്ഞുങ്ങളോടുള്ള പീഡനങ്ങള്‍, കൂട്ടക്കൊല, ലഹരി ഉപയോഗം... ഇത്തരം വാര്‍ത്തകളാല്‍ നിറയുകയാണ് ഓരോ ദിവസവും. ഇവിടെയൊന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന തോന്നലിലാണ് സൈക്കോ വീണ്ടുമിറങ്ങുന്നതെന്ന് വേണുവേട്ടന്‍ പറഞ്ഞു.
'സെര്‍ച്ച് ലൈറ്റ്' എന്ന രാഷ്ട്രീയവാരിക, 'രൂപകല' എന്ന സ്ത്രീപക്ഷ മാസിക, 'സ്റ്റേഡിയം' എന്ന സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണം, 'സിറ്റി മാഗസിന്‍', 'വര്‍ത്തമാനം', ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. ഈ അനുഭവങ്ങളുടെ കരുത്തില്‍ 79-ാം വയസ്സിലും 'സൈക്കോ'യുടെ ട്രയല്‍ പതിപ്പിറക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. പുത്തന്‍ ഭാവത്തിലും മോടിയിലും 'സൈക്കോ' ഓഗസ്‌റ്റോടെ വായനക്കാരുടെ കയ്യിലെത്തും.