പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഇനി ആർഎസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയത ആളിക്കത്തിക്കുന്നതിൽ പോപുലർ ഫ്രണ്ടിനും ആർഎസ്എസിനും സമാനമായ പങ്കുണ്ട്. ഇരുകൂട്ടരുടേയും സമീപനം തെറ്റാണ്. ന്യൂനപക്ഷ ഭീകരതയും ഭൂരിപക്ഷ ഭീകരതയും കോൺഗ്രസ് എതിർക്കുന്നു. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനുമുള്ള ഏത് ശ്രമങ്ങൾക്കും കോൺഗ്രസ് എതിരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവർ മറ്റൊരു പേരിൽ വീണ്ടും വരും. വർഗീയത തുടച്ചുനീക്കാനാണ് ശ്രമിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. പോപുലർ ഫ്രണ്ട് ഹർത്താൽ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് അലംഭാവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറുപ്പും വിദ്വേഷവും പടർത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് പോപുലർ ഫ്രണ്ടും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം നയങ്ങളുമായി കോണ്‍ഗ്രസ് സമരസപ്പെടില്ലെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.