നെൽവിത്തുകളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമൻ എന്ന പാരമ്പര്യ കർഷകനെ തേടി എത്തിയത് പദ്മശ്രീയാണ്. തലമുറകളായി കൈവശം വന്നുചേർന്നതും സംഭരിച്ചതുമായ 60ലേറെ നെൽവിത്തുകൾ തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ സംരക്ഷിക്കുന്നുണ്ട്. അന്യം നിന്നുപോയ വിത്തുകളുടെ കാവൽക്കാരനായിട്ടാണ് ചെറുവയൽ രാമനെ ലോകം അറിയുന്നത്. നെൽവിത്തുകളുടെ ജീൻ ബാങ്കർ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. എഴുപത്തി ഒന്നാം വയസിൽ പദ്മശ്രീ തേടിയെത്തുമ്പോഴും തന്റെ കൃഷിയിടത്തിൽ തിരക്കിലാണ് മണ്ണിനെ തൊട്ടറിഞ്ഞ ഈ കർഷകൻ.
ഒന്നര നൂറ്റാണ്ടോളം പഴക്കം വരുന്ന പുല്ലുമേഞ്ഞ വീട്ടിൽ ഇന്നും ലളിത ജീവിതം നയിക്കുന്ന രാമേട്ടന് പതിവ് ലാളിത്യത്തോടെ പങ്കുവെയ്ക്കാൻ ഉള്ളത് സന്തോഷം മാത്രം. പത്മശ്രീ ബഹുമതി തേടിയെത്തി വാർത്തകൾ വന്നുതുടങ്ങിയതോടെ നിരവധി പ്രമുഖരാണ് വിളിച്ച് സന്തോഷത്തിൽ പങ്കു ചേർന്നതെന്ന് അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു. രാത്രിയിൽ തന്നെ അധ്യാപക സംഘടനയുടെ ആളുകൾ വന്ന് പൊന്നാട അണിയിച്ചെന്നും രാമേട്ടൻ സന്തോഷത്തോടെ പറയുന്നു.
തന്റെ കൃഷിയിടത്തിൽ പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന് മാത്രമായി ഒന്നര ഏക്കറോളം സ്ഥലം അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്
കാർഷിക മേഖലയിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ രാമേട്ടൻ ഇപ്പോഴും തന്റെ കൃഷിയിൽ വ്യാപൃതനാണ്. മൂന്ന് ഏക്കറോളം വരുന്ന തന്റെ കൃഷിയിടത്തിൽ പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന് മാത്രമായി ഒന്നര ഏക്കറോളം സ്ഥലം അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. ബാക്കി വരുന്ന ഇടങ്ങളിൽ പച്ചക്കറികളും കൃഷി ചെയ്യുന്നു. തന്റെ കൃഷി തിരക്കിനിടയിലും തേടിയെത്തുന്ന സന്ദർശകരെ ഹൃദയപൂർവ്വം സ്വീകരിക്കാനും ആശയങ്ങൾ പങ്കുവെയ്ക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.
പ്രകൃതിയോട് ഇണങ്ങി മണ്ണിനെ സ്നേഹിച്ച് കൊണ്ടാണ് ചെറുവയൽ രാമൻ എന്ന പച്ച മനുഷ്യന്റെ ജീവിതം. വയനാട് മാനന്തവാടിയിലെ ഈ ചെറുവയൽ രാമനാണ് 2011 ഹൈദരാബാദിൽ വച്ച് നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്. നിരവധി വിദ്യാർഥികളും ഗവേഷകരും കർഷകരും നിത്യേന ഇദ്ദേഹത്തെ സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.
വയനാടിന്റെ നെല്ലച്ഛന് പുതുതലമുറയോട് പറയാനുള്ളത് ഇത് മാത്രമാണ്, ''ഒരു കൈയിൽ ഏന്തണം അറിവിന്റെ പുസ്തകം, മറുകൈയിലേന്തണം പണിയായുധം''. ഓരോ മനുഷ്യനും കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം എന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു വയനാട്ടുകാരുടെ രാമേട്ടൻ.