കളമശേരി സ്‌ഫോടനത്തിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ, വിഷയം വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ആ നീക്കങ്ങള്‍ക്ക് എതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ചെയ്തതെന്നും, ഈ ബോധത്തിന് അടിത്തറയിട്ടത് നവോത്ഥാന നേതാക്കള്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ദേശീയതലത്തില്‍ കേരളത്തെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് വാഴ്ത്തിപ്പാടാനും ആളുകളുണ്ട്. വര്‍ഗീയ പ്രചാരണത്തിനായി നവോത്ഥാന നേതാക്കളെ തന്നെ കരുക്കളാക്കാനുള്ള ശ്രമവും നമ്മള്‍ കണ്ടു. എന്നാല്‍ അത് അനുവദിച്ചു കൊടുക്കരുത്. രാജ്യം ഒരു പ്രത്യേക വിഭാഗത്തിന്റേതാണെന്നുള്ള പ്രചരണം നടത്തുകയാണ്. വ്യാജ ചരിത്രം നിര്‍മിക്കുന്നു. പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിന് അതൊന്നും അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല''- അദ്ദേഹം പറഞ്ഞു.
''കേരളം നവോത്ഥാന ചിന്തകളിലേക്ക് കടന്നത് അല്‍പ്പം വൈകിയാണ്. എങ്കിലും നവോത്ഥാന ചിന്തകള്‍ നമ്മുടെ സമൂഹത്തില്‍ വേരുറപ്പിച്ചു. പല സംസ്ഥാനങ്ങളിലും നവോത്ഥാന ചിന്തകള്‍ക്ക് വേരില്ലാതെ പോയി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ നേടിയെടുത്തു തന്ന സമത്വം തകര്‍ക്കപ്പെടാതെ നോക്കണം. അതിനുവേണ്ടി പ്രവര്‍ത്തിക്കണം''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷ സമൂഹത്തെ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. വര്‍ഗീയവത്കരിക്കുന്നവരുടെ മുഖം തിരിച്ചറിയാന്‍ നവോത്ഥാന പ്രസ്ഥാനത്തിന് സാധിക്കണം. പോരാട്ടങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന സമിതി നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. എസ് സി, എസ് ടി സെക്രട്ടറി, അഡിഷണല്‍ സെക്രട്ടറി, പട്ടിക വര്‍ഗ ഡയറക്ടര്‍, പട്ടികജാതി ഡയറക്ടര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.