KERALA

'വിവരദോഷത്തിന് അതിര് വേണം, ഈ സ്ഥാനത്തിരിക്കുന്നത് കൊണ്ട് ഇത്രയേ പറയുന്നുള്ളു'; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വെബ് ഡെസ്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സ്വാതന്ത്ര്യ സമരത്തില്‍ മരിച്ചുവീണവരുടെ രക്തത്തെയാണോ ഗവര്‍ണര്‍ ബ്ലഡി എന്ന് വിളിച്ചതെന്ന് പിണറായി വിജയന്‍ ചോദിച്ചു. പാവങ്ങളുടെ പടത്തലവന്‍ എകെജി ജനിച്ച നാട് എന്നത് കൊണ്ടാണോ ബ്ലഡി കണ്ണൂര്‍ എന്ന് വിളിച്ചതെന്നും ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് നല്ലതല്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ നവകേരള സദസില്‍ പറഞ്ഞു. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.

''ഗവര്‍ണര്‍ നില തെറ്റിയ മനുഷ്യനാണ്. വിവരദോഷത്തിന് അതിര് വേണം. കുട്ടികള്‍ അവിടെ വന്നെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും. ഗവര്‍ണര്‍ക്ക് യോജിക്കാന്‍ കഴിയാത്തവരെല്ലാം അദ്ദേഹത്തിന് റാസ്‌കല്‍സാണ്. ഗവര്‍ണര്‍ നാടിനെ പ്രകോപിതമാക്കാന്‍ ശ്രമിക്കുന്നു. ഗവര്‍ണറെ കയറൂരി വിടുന്നവര്‍ ശ്രദ്ധിക്കണം' മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം താന്‍ ഈ സ്ഥാനത്തിരിക്കുന്നത് കൊണ്ട് ഇത്രയേ പറയുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന തരത്തിലുള്ള രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയതെന്നും ഗവര്‍ണറുടെ ഭീഷണി വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

''സര്‍വകലാശാലകളില്‍ ആര്‍എസ്എസ് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വാതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്ന വണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്''-എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഏകപക്ഷീയമായി വര്‍ഗീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം