KERALA

പ്രിയപ്പെട്ട സഖാവ്, സഹോദരന്‍

വെബ് ഡെസ്ക്

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സിപിഎമ്മിനും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായിരുന്നു കോടിയേരിയെന്നും അദ്ദേഹം അനുസ്മരിച്ചു.

ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാ തയ്യാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷ എന്നിവ പുതിയ തലമുറക്കു മാതൃകയാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുകയും അതേസമയം തന്നെ പൊതുവായ കാര്യങ്ങളിൽ സംയമനത്തോടെയും ആരും അംഗീകരിക്കുന്ന തരത്തിലും ഇടപെടുകയും ചെയ്യുന്ന ശീലം സഖാവ് എന്നും മുറുകെപ്പിടിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിപ്പില്‍ അനുസ്മരിച്ചു.

മറക്കാനാകാത്ത ആത്മബന്ധം: കെ രാധാകൃഷ്ണൻ

ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി സഖാവുമായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏതു പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പായും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ സ്പീക്കറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഖാവിന്റെ അകാല വിയോഗം സി പി ഐ എമ്മിനും കേരളത്തിലെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം: മന്ത്രി റോഷി അഗസ്റ്റിൻ

പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. വ്യത്യസ്ത മുന്നണികളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതൽ നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ശൈലി ആണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ഞാൻ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃക ആയിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കാലവും ചരിത്രവും ഉള്ളിടത്തോളം ആ സ്മരണ കേരളീയ സമൂഹത്തിൽ നിറഞ്ഞ് നിൽക്കും: വി എൻ വാസവൻ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയകേരളത്തിനും നികത്താൻ സാധിക്കാത്ത നഷ്ടമാണ്. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും സഖാവ് പാർട്ടിക്കും നാടിനും വേണ്ടിയാണ് പ്രവർത്തിച്ചത്. നിയമസഭാ സാമാജികനെന്ന നിലയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 2006 ൽ നിയമസഭയിൽ പാർലമെന്ററി രംഗത്തും. യുവജനപ്രസ്ഥാനകാലം മുതൽ സംഘടനാതലത്തിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം മന്ത്രിയെന്ന നിലയിൽ കുമരകത്തെ ലോകടൂറിസത്തിന്റെ നിറുകയിൽ എത്തിക്കാൻ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, ആഭ്യന്തര മന്ത്രി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തനശൈലിയിലുടെ ജനമനസുകളിൽ സ്ഥാനം ഉറപ്പിച്ച നേതാവായിരുന്നു.

ജീവിതം പാര്‍ട്ടിക്കു സമർപ്പിച്ച് പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. കാലവും ചരിത്രവും ഉള്ളിടത്തോളം ആ സ്മരണ കേരളീയ സമൂഹത്തിൽ നിറഞ്ഞ് നിൽക്കും. കോടിയേരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കേരളീയ സമൂഹത്തിനാകയും വലിയ നഷ്ടം: ജിആർ അനിൽ

സി.പിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മാത്രമല്ല കേരളീയ സമൂഹത്തിനാകയും വലിയ നഷ്ടമാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ വന്നു ചേർന്നിരിക്കുന്നത്.

വിദ്യാർത്ഥി - യുവജനപ്രസ്ഥാനങ്ങളിലുടെ വളർന്ന് വളരെ ദുരിത പൂർണ്ണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായി മാറുകയും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമുപരി രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്നേഹധനനായ സുഹൃത്തായിരിക്കുകയും ചെയ്ത നേതാവായിരുന്നു സ. കോടിയേരി. സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റലിനെ ക്ഷണിക്കുന്നതിനായി ചെന്നൈയിൽ പോയപ്പോൾ അപ്പോളോ ആശുപത്രിയിൽ പോയി കോടിയേരിയെ സന്ദർശിക്കാൻ കഴിഞ്ഞത് മന്ത്രി ജി.ആർ. അനിൽ അനുസ്മരിച്ചു.

രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്ടം: മന്ത്രി ജെ ചിഞ്ചുറാണി

ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി