കേരളത്തില്‍ സ്ത്രീ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനം. കുടുംബശ്രീയുടെ സ്ഥാപക ദിനമായ മെയ് 17 ഇനി മുതല്‍ കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ലോക ശ്രദ്ധേയമായ ഒരേട് ആരംഭിച്ച ദിനമായി മെയ് 17 നെ കാണണമെന്നും കേരളത്തിന്റെ മതനിരപേക്ഷ സമീപനങ്ങളുടെ ഫലം കൂടിയാണ് കുടുംബശ്രീയുടെ നേട്ടങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീയിലെ ഏറ്റവും പ്രായം കൂടിയ അംഗമായ കൊല്ലം സ്വദേശി കെ വാസന്തിയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. വാര്‍ധക്യത്തിലും പതറാത്ത ഊര്‍ജവുമായി വേദിയെ അവർ കയ്യിലെടുത്തു. സ്വാഗതം പറഞ്ഞ് തുടങ്ങും മുമ്പേ മുഖ്യമന്ത്രിയോട് കുശലം പറഞ്ഞ് വാസന്തി വേദിയെ ആവേശത്തിലാക്കി. മന്തിമാരായ എം ബി രാജേഷ്, ജി ആര്‍ അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി.
1998ല്‍ ആലപ്പുഴയില്‍ രൂപംകൊണ്ട കുടുംബശ്രീ എന്ന അയല്‍ക്കൂട്ട ശൃംഖല പെണ്‍കരുത്തില്‍ ദൂരമേറെ സഞ്ചരിച്ചു. സമൂഹത്തിന്റെ സമഗ്ര മേഖലയിലും കുടുംബശ്രീ നിറഞ്ഞു നില്‍ക്കുകയാണിന്ന്.